Wednesday, 27 September 2017

ക്ലിനിക്കൽ ലബോറട്ടറി വാരാഘോഷം

ക്ലിനിക്കൽ ലബോറട്ടറി വാരാഘോഷം


ആഗോള ക്ലിനിക്കൽ ലബോറട്ടറി വാരാഘോഷത്തിന്റെ  ഭാഗമായി ഞങ്ങൾ , എം  എസ്  കോളേജ് 
ഓഫ് പാരാമെഡിക്കൽ സയന്സസ്ഉം  പല പദ്ധതികളും ആസൂത്രണം ചെയ്തു .
1, ക്യാമ്പസ്സിൽ .രക്ത ദാന ക്യാമ്പ്  നടത്തുക
2, താഴേക്കോട് പഞ്ചായത്തിലെ ആദിവാസി കോളനികളിൽ ഒരു മെഡിക്കൽ ക്യാമ്പ് നടത്തുക
3, മെഡിക്കൽ ലബോറട്ടറി മേഘലയെക്കുറിച്ചും രക്ത ദാനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചും 
ജനങ്ങളെ ബോധവൽക്കരിക്കാനായി തെരുവ് നാടകവും ഫ്ളാഷ് മോബും നടത്തുക

ഞങ്ങൾ ഏറെ വ്യത്യസ്തതയോടെ നോക്കിക്കണ്ടതും ഏറെ ബുദ്ധിമുട്ടി നേടിയെടുത്തതുമായിരുന്നു 
ആദിവാസി കോളനിയിലെ ക്യാമ്പ് .ജില്ലാ മേലധികാരി , പെരിന്തൽമണ്ണ സബ് കളക്ടർപെരിന്തൽമണ്ണ 
സർക്കിൾ ഇൻസ്പെക്ടർ,നിലംബൂർ ഫോറെസ്റ് റേഞ്ച് ഓഫീസർ ,താഴേക്കോട് പഞ്ചായത്ത്
പ്രാഥമിക ആരോഗ്യ കേന്ദ്രം പിന്നെ ഞങ്ങളുടെ സ്വന്തം മാനേജ് മെന്റ്  എന്നിവിടങ്ങളിൽ നിന്നും അനുമതി 
പത്രങ്ങളും ഒക്കെയായിട്ടാണ് ഞങ്ങളുടെ യാത്ര.. നിലമ്പുർ വനമേഖലയിലാണ്    കോളനികൾ ..
പൈതൃക സമ്പത്തായ സൈലന്റ് വാലി യുടെ ബഫർസോൺ ...മാവോയിസ്റ് ഭീഷണി നിലനിൽക്കുന്നത്
കാരണം ഐഡന്റിറ്റി കാർഡ് മറക്കരുതെന്നും അന്യരായ ആരുടേയും സഹായം സ്വീകരിക്കരുതെന്നും 
പോലീസ് സ്റ്റേഷനിൽ നിന്ന് പ്രത്യേകംപറഞ്ഞിരുന്നു.
                                  ഔറഎ  ഡിഫി  ഇന്റർനാഷണൽ സ്കൂളിന് ഒരു 200 മീറ്റർ മുകളിലായി റോഡ് തീരുന്നു ...
പിന്നെ ദുർഘടം പിടിച്ച ചെമ്മൺ പാതയാണ് .ചെറുതും വലുതുമായ  പാറക്കൂട്ടങ്ങൾനിറഞ്ഞത്‌ അമ്മിനിക്കാടൻ 
മലനിരകളിലൊന്നിന്റെ പാർശ്വത്തിലൂടെ   ഞങ്ങൾ 19 പേർ  പതിയ മുകളിലേക്ക് കയറാൻ തുടങ്ങി,

നടന്നിട്ടും നടന്നിട്ടും വഴി തീരുന്നില്ല
കുത്തനെയുള്ള കയറ്റമാണ്
തെങ്ങു കൃഷിയും റബ്ബറു മറ്റുമായി സ്വകാര്യ തോട്ടങ്ങളാണ് ചുറ്റിലും .നാട്ടിലേക്ക് വരാൻ മലയിറങ്ങണമെന്നു മാത്രം .
ഒരു തോട്ടത്തിന് അതിര് വരമ്പിട്ട കൽവഴിയിലൂടെ വീണ്ടും മുകളിലേക്ക് ...പട്ടികൾ നിർത്താതെ കുരയ്ക്കുന്നുണ്ട്...
അപരിചിതർ വരുന്നു എന്ന മുന്നറിയിപ്പാകാം .....

അദ്ധ്വാനം തീരെയില്ലാത്തതുകൊണ്ടാകാം വല്ലാത്ത ക്ഷീണം ...ഒരു മാവിൽ ചാരി ചുമ്മാ ഒന്ന് കണ്ണടച്ച്  നിന്നു........
അയ്യോ ...പ്രപഞ്ചം മുഴുവൻ കറങ്ങുന്നതു പോലെ തോന്നി ..രാവിലെകഴിച്ചതെല്ലാം തികട്ടി വരുന്നത് പോലെ ...
വയ്യ ...കാലിലൊക്കെ ഒരു വിറയൽ.. കാടായ കാടെല്ലാം കറങ്ങി നടന്നു ബ്രഹ്മ ഗിരിയും കുടജാദ്രിയുമൊക്കേ 
കയറിയിറങ്ങിയ ഞാനാണ് ഒന്നരകിലോമീറ്റർ തികച്ചില്ലാത്ത  വഴിയിൽ വയ്യാതെ നിൽക്കുന്നത്.. ലജ്ജാകരം ...
ഞാനെന്റെ സർവ്വ ശക്തിയുമെടുത്തു കണ്ണ് തുറന്നു ...ഉറച്ച കാൽവയ്പുകളോടെ വീണ്ടും നടന്നു..

പാറയിടുക്കുകളിലൂടെ ആയാസപ്പെട്ട് നടന്ന ഞങ്ങളെ രക്ത പുഷ്പങ്ങൾ കൊണ്ട് പരവതാനി വിരിച്ച ഒരു 
ഗുൽമോഹർ മരം സ്വാഗതം ചെയ്തു....  എം എസിൽ നിന്നും വരുന്നതല്ലേ...    
ഇലയില്ലാത്ത ചില്ലകളാട്ടി  ചുവന്ന ഇതളുകൾ പിന്നെയും പൊഴിച്ച് കൊണ്ട് മരം ചിരിച്ചു  നിന്നു കുശലം ചോദിച്ചു ....

അതെയതെ .....ഞാനും മറുപടി കൊടുത്തു....

അങ്ങുദൂരെ താഴ്വരയിൽ പച്ചതെങ്ങോലകൾക്കിടയിൽ ചിപ്പിക്കുള്ളിലെ വെളുത്ത മുത്തുപോലെ 
 എം എസ് അക്കാഡമിക് ക്യാമ്പസ്

ക്ഷീണമകറ്റാൻ അവിടവിടെയുള്ള പാറക്കൂട്ടങ്ങളിൽ ഞങ്ങളിരുന്നു  ..

തട്ട് തട്ടായി തിരിച്ച കുന്നിൻ നെറുകയിൽ മണ്ണപ്പം ചുട്ടതുപോലെ അഞ്ചാറു ചെറുകുടിലുകൾ ... ഉള്ളിലേക്ക് 
നൂണ്ടു കയറാൻ പാകത്തിലുള്ള വാതിലെന്നു പറയാവുന്ന ഒരു ഗുഹാ മുഖം....അകത്തു കനത്തു കിടക്കുന്ന ഇരുട്ട്.
മുറികളുണ്ടോ..?

അറിയില്ല..

അല്പം വാഴക്കൃഷിയുണ്ട് ചേമ്പുണ്ട്.. പിന്നെ തെങ്ങു ...സാമാന്യം വൃത്തിയുള്ള പരിസരം

ഒരു പരന്ന കല്ലിൽ നായകൾക്ക് ഭക്ഷണം കൊടുത്തതിന്റെ അവശിഷ്ടങ്ങൾ ...
ഭക്ഷണം കഴിച്ചില്ലെങ്കിലും മുറുക്കാൻ മതിയെന്ന് വിളിച്ചു പറയുന്ന ചുണ്ടും പല്ലുമായി കുറെ മനുഷ്യർ .

രാവിലെ 7 ;20 നു പുറപ്പെട്ട ഞങ്ങൾ 8;15  നാണു  അവിടെയെത്തിയത് .
അവരോടു ഞങ്ങൾ വന്ന കാര്യം പറഞ്ഞു .
രക്തം പരിശോധിക്കാനാണ്.. വിളർച്ച തുടങ്ങിയ അസുഖങ്ങളുണ്ടോ എന്നറിയുവാനാണ് ...

കൂടെയുണ്ടായിരുന്ന വാർഡ് മെമ്പർ ഷീജ ചേച്ചിയും ആശാ വർക്കർ പ്രകാശിനി ചേച്ചിയും വിശദീകരിച്ചു....
കുട്ടികൾ , ഉയർന്നു നിൽക്കുന്ന ഒരു പാറയെച്ചുറ്റി  ക്ലിനിക്കൽ ലബോറട്ടറി വീക്കിന്റെയും 
നാഷണൽ സർവീസ് സ്ക്കിമിന്റെയുമൊക്കെ ബാനറുകൾ വലിച്ചു കെട്ടാൻ തുടങ്ങി.
കയറിന്റെ അഭാവം വാഴനാരുകൊണ്ടു പരിഹരിച്ചു.

അൽപ സമയം സംസാരിച്ചപ്പോഴേയ്ക്കും ആൾക്കാരുടെ മുഖത്തെ അപരിചിതത്വം മാറിഅവിടത്തെ 
കുഞ്ഞുങ്ങൾ അടുത്തുവരാനും തൊട്ടു നോക്കാനുമൊക്കെ തുടങ്ങി .
ചില അമ്മമാർ കുഞ്ഞുങ്ങളുടെ കാലിലും ചന്തിയിലുമൊക്കെയുള്ള  ചൊറിച്ചിറങ്ങുകൾ കാണിച്ചു തന്നു..

ഭീകരം ...

ഞങ്ങൾ മരുന്നുകളൊന്നും തന്നെ കരുതിയിട്ടുമില്ലല്ലോ ...
അബദ്ധമായിപ്പോയി..

ഇനി പണി തുടങ്ങണം
സ്ലൈഡുകളും ലാൻസെറ്റുകളുംഹീമോഗ്ലോബിൻ പിപ്പെറ്റുമെല്ലാം  സെറ്റു ചെയ്തു.

മേശയില്ല
ഒരു കാർഡ് ബോർഡ് എടുത്തു മടിയിൽ വച്ച് മേശയാക്കി !.
ആളുകളെ വരിവരിയായി നിർത്തി.
ചിരിയും അങ്കലാപ്പും നിറഞ്ഞ മുഖങ്ങൾ..
കുറെ ആൾക്കാരെക്കണ്ട സന്തോഷം ...ഇവരെന്താണപ്പാ ചെയ്യാൻ പോകുന്നത്  
എന്ന മുഖഭാവം..
നടുവിരൽ തിരുമ്മി സ്പിരിറ്റിൽ മുക്കിയ പഞ്ഞി കൊണ്ട് തുടച്ചു ലാന്സറ്റുകൊണ്ടു 
കുത്തുന്നു ...പതുങ്ങി വരുന്ന ചോരത്തുള്ളികൾ... smear  വരയ്ക്കാനും ഹീമോഗ്ലോബിൻ  
നോക്കാനും പിന്നെഗ്രൂപ്പിങ്ങിനും
കുഞ്ഞുമക്കളുടെ അജ്ഞതയും ഭയവും നിഴലിക്കുന്ന കണ്ണുകൾ ...
പക്ഷെ ആരും കരയുകയോ ബഹളം വയ്ക്കുകയോ ഒന്നും ചെയ്തില്ല..
ഗർഭിണിയായ ഒരു സ്ത്രീ .. അംബിക... പേരുപോലെ മനോഹരമൊന്നുമല്ല രൂപം .....
വിളർന്നു കുണ്ടിൽ താണ കണ്ണുകളും ഒട്ടിയ കവിളും ശോഷിച്ച ശരീരവും ...
ഏഴുമാസം ഗർഭിണിയാണെന്ന്തോന്നുകയേ ഇല്ല .ലാൻസെറ്റ്‌ കണ്ടപ്പഴേ തളർന്നു 
വീഴുമെന്നു തോന്നികണ്ണുകൾ ഇറുക്കിയടച്ചു ഭർത്താവിന്ടെ നെഞ്ചിൽ മുഖമമർത്തി 
അവർ വിരലുകൾ നീട്ടിത്തന്നു ..
ഇനിയും പ്രണയം വറ്റിയിട്ടില്ലാത്ത  ദമ്പതികളെ ഞാൻ കൗതുകത്തോടെ നോക്കി
 ഭർത്താവിനെ കണ്ടാൽ ഒരു അന്പതു വയസു പ്രായം തോന്നിക്കും..)
finger prick   കഴിഞ്ഞപ്പോൾ  ഇതിത്രയെ ഉണ്ടായിരുന്നുള്ളു എന്ന ആശ്വാസഭാവം ....
ഗർഭിണിയാണെന്നറിഞ്ഞിട്ടും ഇതുവരെ സ്കാനിങിനൊന്നും  പോയിട്ടില്ല ..ഭയമാണത്രെ..
പ്രശാന്തനും ഗിരീശനുമൊക്കെയടങ്ങിയ കുട്ടിക്കൂട്ടം ഞങ്ങളെ നോക്കി എന്തൊക്കെയോ 
പറയുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.. .എല്ലാ വരുടെയും നോട്ടം ഞങ്ങൾ 
കൊണ്ടുവന്ന ഫുഡ്കിറ്റുകളിലേക്കാണ്..
കുട്ടികൾ എല്ലാവരും  സ്കൂളിൽ പോകുന്നുണ്ട് ..ഇപ്പോൾ വേനലവധിക്കാലമാണ് ...
ഹോസ്റ്റലും സ്കൂളുമൊക്കെ അവധിയാണ്.... കോളനിയിൽ വെള്ളത്തിന്റെ കാര്യം 
വളരെ ബുദ്ധിമുട്ടാണ്.. താഴെ എവിടെനിന്നോ ആണ് കൊണ്ടുവരുന്നത്..
സർക്കാർ നിർമ്മിച്ച് നൽകിയ ശൗചാലയങ്ങളൊക്കെയുണ്ട് ..നീല പെയിന്റടിച്ച കുട്ടപ്പന്മാർ..
പക്ഷെ വെള്ളമില്ല ..എന്തുകാര്യം ?
ദിവസേനയുള്ള കുളിയും നനയുമൊന്നുമില്ല
ആരോ ചോദിച്ചു "എന്തിനാ മിസ്സ്‌ നമ്മൾ സോപ്പും എണ്ണയുമൊക്കെ വാങ്ങിച്ചത്' എന്ന് ..
ആകെയുള്ള ജനസംഖ്യ 19 ..അതിൽ പതിമൂന്നുപേർ ഞങ്ങളോട് സഹകരിച്ചു .ഒരു മുത്തശ്ശി 
എന്തുവന്നാലും വരില്ല എന്ന ഒറ്റ വാശിയിലാണ് ..അവരുടെ വീടിന്റെ ഉമ്മറത്ത് ഒരു 
വടിയും കുത്തിശില പോലെയിരിക്കുകയാണ് 
അവരുടെ ഇരിപ്പ് കണ്ടാൽ മനോഹരമായ ഒരു പെയിന്റിംഗ് പോലെയുണ്ട്
അതിനടുത്ത വീട്ടിലാണ്  കുട്ടി..നീതു  ഗോപാലന്റെ  നാലുമക്കളിൽ മൂത്തവൾ ...
ഇരുകാല്മുട്ടുകളും നീരുവന്ന് വീർത്ത അവസ്ഥയിലാണ് ..  കഠിനമായ വേദന നിഴലിക്കുന്ന മുഖം
നിസ്സഹായതയോടെ തിണ്ണയിൽ  തൂണ് ചാരി  ഇരിക്കുകയായിരുന്നു .
ആശുപത്രിയിലേക്ക് കൊണ്ട് പോകാത്തതെന്താ എന്ന ചോദ്യത്തിന് അച്ഛന്റെ നിസ്സംഗമായ ഉത്തരം
 മലയത്രയുംചുമന്നിറക്കാൻ അയാളെക്കൊണ്ടാവില്ല ...താഴെയെത്തിയാലും അവിടെനിന്നും 
കൊണ്ടുപോകാൻ വണ്ടി വിളിക്കാൻ പണമില്ല

ജോലിയില്ല

എന്താണ് ജോലി?

ആരെങ്കിലും മരം വെട്ടാനോ വിറകു കീറാനോ വിളിക്കും ഇപ്പൊ അതുമില്ല .
വനവിഭവങ്ങളും ഇപ്പൊ കിട്ടാറില്ല.
ഞങ്ങളും നിർന്നിമേഷ രായി നിന്നു. എന്ത് ചെയ്യും? പ്രർഥമിക ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കാം 
എന്ന് നിശ്ചയിച്ചു
എല്ലാ വീട്ടിലും ഭക്ഷണ പായ്ക്കറ്റുകൾ വിതരണം ചെയ്തുബ്രെഡ് ,ബിസ്ക്കറ്റ് ,പഴം ..
എല്ലാർക്കും പെരുത്ത് സന്തോഷം .ഫോട്ടോ എടുക്കാമെന്ന് പറഞ്ഞപ്പോഴേയ്ക്കും എല്ലാവരും ഉഷാറായി
കുട്ടികളും മുതിർന്നവരുമെന്നില്ല എല്ലാവരും ക്യാമറയ്ക്കു മുന്നിൽ ചിരിച്ചു നിന്നു .
എന്റെ കൂടെ വന്ന കുട്ടികളാകട്ടെ സെൽഫി എടുക്കുന്ന തിരക്കിലാണ് .

സമയം 9 ;30 .
എല്ലാം വേഗം പായ്ക്ക് ചെയ്തു
ഇനി അടുത്ത കോളനിയിലേക്ക്
10:30 നു ക്ലിനിക്കൽ ലബോറട്ടറി വാരാഘോഷ സമാപന സമ്മേളനവും രക്ത ദാന ക്യാമ്പ് ഉദ്ഘാടനവും ഉണ്ട് .
സമയം തീരെ കുറവ് .
മാത്രമല്ല ഇവരെപ്പോലെയല്ല അവർ .വിദ്യഭ്യാസമില്ല ..സഹകരിക്കുമെന്ന് യാതൊരു ഉറപ്പുമില്ല  .
ക്യാമ്പ് നടത്താൻ സാധിച്ചില്ലെങ്കിലും ഭക്ഷണ പായ്ക്കറ്റുകൾ വിതരണം ചെയ്യാം എന്നെ തീരുമാനത്തിൽ ഞങ്ങളെത്തി .
അങ്ങനെ മലയിറക്കം .വലിയ ആയാസമൊന്നും തോന്നിയില്ല ..
വഴിയിലെ മാവുകളിൽ കല്ലെറിഞ്ഞും കിട്ടിയ പച്ച മാങ്ങകൾ കടിച്ചുതിന്നും ഞങ്ങൾ യാത്ര ആസ്വദിച്ചു .
അടുത്ത കോളനിയിലേക്കുള്ള വഴി കൃത്യമായി അറിയില്ല.
തെങ്ങിൽ തോപ്പുകൾക്കു നടുവിലൂടെയുള്ള ഒറ്റ വരമ്പിലൂടെ ആയാസപ്പെട്ട് നടക്കുന്നതിനിടയിൽ ഒരു 
തെങ്ങിൻ മട്ടലിൽ തട്ടി വിരൽ മുറിഞ്ഞു.
നടന്നു നടന്നു വലിയൊരു പാറയുടെ ചുവട്ടിലെത്തിമഴക്കാലത്തു കാണുന്ന മനോഹരമായ വെള്ളച്ചാട്ടം 
ഒഴുകിയിറങ്ങുന്ന വലിയ പാറയാണ്വേനലിന്റെ കെടുതിയിൽ മയക്കത്തിലാണവൾ .
ഒരു ചെറിയ കുഴിയിലെ വെള്ളത്തിൽ എഴുത്തച്ഛനെപ്പോലെയും തവളക്കുഞ്ഞുങ്ങളെപ്പോലെയും എന്തൊക്കെയോ നീന്തുന്നു.
മഴ വരുമ്പോൾ  വെള്ളച്ചേല പുതച്ചിറങ്ങുന്ന കറുത്ത സുന്ദരി..
അതിനടുത്ത  മലയുടെ ഒരെത്തും നിറുകിലുമായി അങ്ങിങ്ങു ചില കുടിലുകൾ കാണാം സൂക്ഷിച്ചു നോക്കണമെന്ന് മാത്രം
ആശയക്കൈമാറ്റത്തിന്റെ ആദിരൂപങ്ങളിലൊന്നായ കൂയ് വിളികളിൽ പ്രതികരണമൊന്നും കണ്ടില്ല
പിന്നെയും പിന്നെയും ആവർത്തിച്ചപ്പോൾ ചില ഒച്ചയനക്കങ്ങൾ .
നിങ്ങള്ക്ക് ഭക്ഷണം  കൊണ്ടുവന്നിട്ടുണ്ട്......എന്നൊക്കെ വിളിച്ചു പറഞ്ഞപ്പോൾ ആളനക്കങ്ങളായി ...
ഒക്കത്തൊരു കുട്ടിയെയുമെടുത്തു ആദ്യമൊരു സ്ത്രീ ഇറങ്ങി വന്നുപിന്നാലെ മറ്റൊരു സ്ത്രീയും
മലയിറങ്ങി വന്നതിന്റെ  ആയാസത്തിലാവണം അവർ കുട്ടിയെ പെട്ടെന്നങ്ങു നിലത്തിരുത്തിയത്.
എന്തോക്കെയോ കിട്ടിയത് വാരി ചുറ്റിയിരിക്കുന്ന അഴുക്കും പൊടിയും പുരണ്ട രൂപം

 മണ്ണിന്റെ യഥാർത്ഥ അവകാശികൾ.. 

അപരിഷ്കൃതത്വത്തിന്റെ ആൾ രൂപം കുട്ടിയ്ക്ക് അഞ്ചാറു വയസു തോന്നിക്കും,കറുത്ത നിറംചുവന്നു ചുരുണ്ടു 
പാറിപ്പറക്കുന്ന തലമുടി,വരണ്ട ചുണ്ടുകൾ, ആകെയൊരു ക്ഷീണിത രൂപം,നാണം മറയ്ക്കാനെന്ന മട്ടിൽ അറയിൽ 
ചുറ്റിയ മുഷിഞ്ഞു നാറിയ പാവാട പോലെ തോന്നിക്കുന്ന എന്തോ ഒരു ചുവന്ന തുണി . കുപ്പായമൊന്നുമില്ല .

നിലത്തിരുന്നു കുട്ടി കരയാൻ തുടങ്ങി
ഞങ്ങളവൾക്കു ഒരു പായ്ക്കറ്റ്‌ ബിസ്ക്കറ്റ് കൊടുത്തു
എന്തിനാണ് കുട്ടിയെ കൊണ്ടുവന്നതെന്ന് ചോദ്യത്തിന് കുഞ്ഞിന്റെ കാലിലേയ്ക്ക് വിരൽ ചൂണ്ടി  അമ്മ
കാലിലേക്ക് നോക്കിയാ ഞങ്ങൾ ഞെട്ടി
മുട്ടിനു താഴെ മുഴുവൻ പഴുപ്പ് നിറഞ്ഞു നീരൊലിക്കുന്ന കാൽ
മണ്ണും പൊടിയും നിറഞ്ഞു അഴുക്കു പൊറ്റ കെട്ടിക്കിടക്കുന്നതിനു ചുറ്റും ചെറിയ ഈച്ചകൾ പറക്കുന്നു..
അതല്ലാതെയും പഴുത്തൊലിക്കുന്ന മുറിവുകൾകണ്ണ് നിറഞ്ഞു പോയി
നമ്മുടെ കുഞ്ഞുങ്ങൾ ചെറുതായൊന്നു തുമ്മിയാൽ പോലും ഉത്കണ്ഠ കൊണ്ട് ഉറങ്ങുവാൻ സാധിക്കില്ല  .അപ്പോഴാണ് ഇത് .
ചോറ് ഊറ്റുമ്പോൾ തിളച്ച വെള്ളം വീണതാണത്രേ ! എന്ത് ചെയ്യും ?
അവിടെ നിർത്തി പോരാൻ മനസ്സ് അനുവദിച്ചില്ല .
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറിനെ വിളിച്ചു ആശുപത്രിയിൽ കൊണ്ട് പോകാൻ അനുവാദം വാങ്ങിച്ചു .  
 കുട്ടിയെ അവിടെത്തന്നെയിരുത്തി  സ്ത്രീകൾ ഭക്ഷണ പായ്ക്കറ്റുകളുമായി തിരിച്ചു പോയി .
വസ്ത്രം മാറി വന്നു .
എന്നുവച്ചാൽ അസാരം കുഴപ്പമില്ലാത്ത ഒരു നൈറ്റി ഇട്ടോണ്ട് വന്നു.
കുട്ടിക്ക് ചേരാത്ത ഒരു കുപ്പായം വലിച്ചിറക്കി ഇടുവിച്ചു
അപ്പഴും അരയിൽ ഒരു മുഷിഞ്ഞ തുണി  സ്ത്രീ ചുറ്റിയിട്ടുണ്ട് .കുട്ടിയുടെ കാലിലെ നീര് ദേഹത്ത് പറ്റാതിരിക്കാനാണത്രെ..
ആശുപത്രിയിലെത്തിടോക്കൺ എടുത്തു
ഡോക്ടറുടെ അടുത്തെത്തി

എന്തുപറ്റിനെറ്റിചുളിച്ചു പുരികമുയർത്തി മയമില്ലാത്ത ശബ്ദത്തിൽ അവർ ചോദിച്ചു
തിളച്ച വെള്ളം വീണു  ..അതെ പോലെത്തന്നെ ഒറ്റ വാക്കിൽ വികാരരഹിതമായ ഉത്തരം..
അഡ്മിറ്റ് ചെയ്യേണ്ടി വരും "
"പറ്റില്ല പോണം "
"കൃത്യമായി മരുന്ന് കഴിക്കണം ...ഇല്ലെങ്കിൽ കാൽ മുറിച്ചു മാറ്റേണ്ടി വരും "
പറ്റില്ല പോണം ..ചെറിയ കുട്ടിയുണ്ട്.."
"ശരി ...എങ്കിൽ അഞ്ചു ദിവസത്തേയ്ക്ക് മരുന്ന് തരാം ...അതിനു ശേഷം വന്നു കാണിക്കണം "

ഒന്നാമതേ നാട്ടിലേയ്ക്ക് വരാനും മരുന്ന് കഴിക്കാനുമൊക്കെ വിമുഖതയുള്ളവർ ...
അവരോടാണ് അഡ്മിറ്റ് ചെയ്യേണ്ടി വരും എന്നൊക്കെ പറയുന്നത് ....
കുട്ടി ഭക്ഷണം കഴിച്ചിട്ട് പോലും ദിവസങ്ങളായിക്കാണും..
എന്തായാലും ആന്റിബയോട്ടിക്കുകളും മറ്റു ഗുളികകളും വാങ്ങി .
ഡ്രസിങ് റൂമിൽ നിന്നും കുട്ടിയെ കൊണ്ട് വന്നു .കുട്ടിയുടെ കാൽ വൃത്തിയാക്കി എന്ന് 
പറയുവാൻ സാധിക്കുമോ ..അറിയില്ല.. silversulphadiazine  പുരട്ടി വിട്ടേക്കുവാണ്
മറ്റേ കാലിലെ മുറിവുകൾ അവർ കണ്ടതുപോലുമില്ല ..
ഒരു നേരമെങ്കിൽ അതാവട്ടെ എന്ന് കരുതി  കുട്ടിയെക്കൊണ്ട് മരുന്ന് കഴിപ്പിക്കാം എന്ന് കരുതി .
വെള്ളമെടുത്തു
പച്ചയും മഞ്ഞയും നിറത്തിലുള്ള ക്യാപ്സ്യൂളിലേക്കു  കുട്ടി ഒന്ന് നോക്കി..
ഗുളിക വായിലോട്ടു ഇട്ടു കൊടുത്തു , വെള്ളം കുടിപ്പിച്ചു,കുട്ടി വെള്ളമിറക്കി
ഗുളിക വായിൽ നിന്നെടുത്തു കൈയിൽ തന്നു.

ഇങ്ങനെ ഒരഞ്ചാറുപ്രാവശ്യം ചെയ്തപ്പോഴേക്കും  അത് വിഴുങ്ങാൻ  കുട്ടി പഠിച്ചു.
 കലാപരിപാടി കണ്ടതുകൊണ്ടാകാം ഡ്രൈവർ സിദ്ദിഖ് ഒരു ജ്യൂസ് കൊണ്ടുവന്നത്.
അത് കൈയിൽ പിടിച്ചു എന്തുചെയ്യണമെന്നറിയാതെ അമ്പരന്നു നിന്ന കുട്ടിക്ക് ഞാനതു തുറന്നു കൊടുത്തു
ഒരു കവിൾ കുടിച്ചതല്ലാതെ  കുഞ്ഞിന് ഒന്നിനോടും ഒരു താല്പര്യവും ഇല്ലെന്നുതോന്നി .

അതിന്ടെ കാലിൽ നിന്നും ഒലിച്ചിറങ്ങുന്ന നീരിലേക്കു  അപ്പോഴും ഈച്ചകൾ  പറന്നെത്തിക്കൊണ്ടിരുന്നു .
ഇവരെയെങ്ങിനെ ഇവിടെ ഇട്ടിട്ടു പോകും ?
ആശുപത്രിയിൽ നിന്നും   കെ ആർ രവി എന്ന പൊതു പ്രവർത്തകനെ ബന്ധപ്പെടുകയും അദ്ദേഹം ഉടനെ തന്നെ എത്തുകയും ചെയ്തു .
അഡ്മിറ്റാവണം എന്ന് പറയുമ്പോൾ , അമ്മ കുട്ടിയോട് ചോദിക്കും..
"നിനക്കിവിടെ നില്ക്കണോ?"
വേണ്ടാ എന്ന് പറഞ്ഞു കുട്ടി കരയാൻ തുടങ്ങും.
എന്തായാലും  പെരിന്തല്മണ്ണക്കാരുടെ രവിയേട്ടന്റെ നിർബന്ധത്തിൽ കുട്ടിയെ അഡ്മിറ്റ് ചെയ്തു.
ദിവസങ്ങൾക്കു ശേഷം  രവി സാറിന്റെ സഹായത്തോടെ  മുട്ടിനു വയ്യാതിരുന്ന കുട്ടിയെയും ഞങ്ങൾ ആശുപത്രിയിലാക്കി ..
കാട്ടുകമ്പുകൾക്കിടയിൽ ബെഡ്ഷീറ്റ് വലിച്ചു കെട്ടി കുട്ടിയെ  അതിലിരുത്തിയാണ് ഞങ്ങൾ മലയിറങ്ങിയത്  
അല്പം സാഹസികത നിറഞ്ഞ  പ്രവർത്തിയിൽ ഞങ്ങൾ ഏറെ സന്തുഷ്ടരായിരുന്നു
ലബോറട്ടറി വാരാചരണത്തിന്റെ  ഭാഗമായി ടൗണിൽ നടത്തിയ ഫ്ലാഷ് മോബും തെരുവ് നാടകവും റെക്കോർഡ് ചെയ്യാൻ 
വിഡിയോഗ്രാഫറിനെ ഏല്പിച്ച കുട്ടികൾ അത് വേണ്ടെന്നു വച്ചുഅവർ പറഞ്ഞു 
"3500 രൂപയ്ക്കും കൂടെ നമുക്ക്  കോളനിയിലെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം വാങ്ങി നൽകാം മിസ്സ്‌.."
ഒരൊറ്റ യാത്രയിൽ, വൈഫൈ യും ഇന്റർ നെറ്റുമില്ലാതെ ജീവിക്കാൻ കഴിയാത്ത പുതിയ തലമുറയുടെ ചിന്ത 
എന്തു മാത്രം മാറി !