ഏപ്രില്‍ 03 2010
ഉച്ചയൂണ്‍ കഴിഞ്ഞ് 2.30 ആയിക്കാണും
തിരിച്ചപ്പൊള്‍, ആഖില്‍
സാര്‍, സുബീഷ് സാര്‍, ലെനിന്‍, പിന്നെ സ്റ്റോര്‍ രാജേഷേട്ടനും അടങ്ങുന്ന
സംഘം ഒരു കാറിലും ഒരു ബൈക്കിലുമായാണു പെരിന്തല്‍മണ്ണയില്‍ നിന്നും യാത്ര തുടങ്ങിയത്.
ചേര്‍പ്പുളശ്ശേരി, ഒറ്റപ്പാലം, തിരുവില്ലാമല വഴിയാണു പോയത്.
കൊയ്ത്തു
കഴിഞ്ഞ പാടമെല്ലാം ഉണങ്ങികിടക്കുന്നു. പാടവരമ്പത്തെ
കരിമ്പനകള്‍ക്കും എന്തൊ ക്ഷീണം പോലെ, ചൂടുകൊണ്ടാവും അല്ലേ?
തീയ്ക്കുപോലും കാണില്ല ഇത്രേം ചൂട്. പാടത്തിനു നടുവിലൂടെ കറുത്ത
റിബണ്‍ പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡ്, മുന്നില്‍ വാഹനങ്ങളുടെ നീണ്ട
നിര. വീതി കുറഞ്ഞ വഴിയിലൂടെ എല്ലാം നീങ്ങുന്നത് ഒരേ ലക്ഷ്യത്തിലെക്ക്.....
നെന്മാറ.
ഉള്‍ക്കൊള്ളാനാവുന്നതിലും കൂടുതല്‍ ഭാരവുമായി
നിരങ്ങിനീങ്ങുന്ന ബസ്സിനു പിന്നില്‍ കാറില്‍ ഞങ്ങളും, തിരക്കിനിടയ്ക്ക്
ബൈക്ക് എങ്ങൊ മറഞ്ഞിരുന്നു
നുഴഞ്ഞു കയറ്റക്കാര്‍ നേരത്തെ മുങ്ങിയതാണ്.
നല്ല മഴക്കോള്‍ , അങ്ങു ദൂരെ ആകാശത്തു കരിമേഘങ്ങള്‍ കോപ്പു കൂട്ടുന്നുണ്ട്, ചെറുതായി ഇടിമുഴക്കം കേള്‍ക്കാം
നെന്മാറയ്ക്കിനി
4 കി മി മാത്രമെ ഉള്ളൂ
എന്ന് വഴിയരികിലെ സൈന്‍ ബോര്‍ഡ് ഓര്‍മ്മിപ്പിച്ചു, ഞങ്ങള്‍ക്കു
പിന്നിലും കാണാം ചെറുതും വലുതുമായ വാഹനങ്ങളുടെ നീണ്ട നിര, ഏതിരെ വന്ന കുറേ
ആളുകള്‍ പറയുന്നതു കേട്ടു വെടിക്കെട്ട് ഇപ്പോള്‍ തുടങ്ങുമെന്ന്….
ഇത്ര
നേരത്തെയൊ, സമയം 5 മണി ആവുന്നതേയുള്ളൂ …… പക്ഷെ അവര്‍ പറഞ്ഞതു
ശരിയായിരുന്നു, ഇങ്ങു 4 കി, മി. ഇപ്പുറത്തു കേള്‍ക്കുന്ന മുഴക്കങ്ങള്‍
ഇടിയായിരിക്കുമെന്നു ഞങ്ങള്‍ കരുതിയത് വെടിക്കെട്ടിന്‍റ്റേതാവാം ,
ഏതായാലും യാത്ര തുടര്‍ന്നു നെന്മാറ ദേശം സ്വാഗതം ചെയ്യുന്ന കവാടത്തിനു
മുന്നിലായി വണ്ടി നിര്‍ത്തി, മഴച്ചാറ്റല്‍ ഉണ്ടായിരുന്നു,
നേരെയും എതിരെയും ആയി ജനസഹസ്രം ഒഴുകുകയാണ്. മിക്കവരും നാലുകാലിലൊ അതിലേറേ
കാലിലൊ ആണെന്നു മാത്രം, ഭയപ്പെടുത്തിയ ഒരു കാര്യം സ്ത്രീ പ്രജകളെ വളരെ ചുരുക്കമായെ കാണുന്നുളൂ എന്നതാണു , അതും തിരികെ പോകുന്നവര്‍. ‘Escort’
ഉള്ളതുകൊണ്ടു മാത്രം ധൈര്യമായി നടക്കാമെന്നു മാത്രം.
ജിന്‍സന്‍ സാര്‍ നെന്മാറ ദേശത്തിന്റെ
ആനപ്പന്തലിനടുത്തുനിന്നും സഘത്തിലേക്കു ചേര്‍ന്നു.
ഒരായിരം ദീപപ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന കൂറ്റന്‍ ആനപ്പന്തല്‍,
അതിന്നടുത്തു നിന്നു താഴെ പൂരപ്പറമ്പിലേക്കു നോക്കിയപ്പൊഴാണു
കണ്ണുതള്ളിപ്പോയത്, ഉറുമ്പുകൂട്ടം പോലെ പതിനായിരക്കണക്കിനാളുകള്‍
കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ആള്‍ക്കാര്‍ ഉണ്ട് എന്നു തോന്നുന്നു
അത്രേം മനുഷ്യര്‍ ... ഹൊ!

നെല്ലിമലകളുടെ താഴ്വരയിലാണു ക്ഷേത്രം , ദൂരെ
നെല്ല്യാമ്പതി മലനിരകള്‍ കാണാം , നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ
വേലയൊടനുബന്ധിച്ചാണ്‍ പേരുകേട്ട നെന്മാറ - വല്ലങ്ങി വേല. രണ്ടു
ദേശക്കാരുടേയും ആനപ്പന്തലുകള്‍ അതിഗംഭീരമായി അണിയിച്ചൊരുക്കിയിരുന്നു.
ആരാണു കേമന്‍ എന്ന മട്ടില്‍ , ഇരുവരും രാജകീയ പ്രൗഡിയോടെ
മുഖാമുഖം നില്‍ക്കുന്നു.
കെട്ടിലും മട്ടിലും മുമ്പന്‍ നെന്മാറയാണന്നണ്‍ എനിക്കു തോന്നിയത് വല്ലങ്ങി
മോശമാണെന്നല്ല , നിറമുള്ള ദീപങ്ങള്‍ ഏറെയുള്ളത്
വല്ലങ്ങിക്കുതന്നെ . നെന്മാറ ദേശത്ത് രാവിലെ തിടമ്പ് പൂജ കഴിഞ്ഞു ,
പന്തം വഴങ്ങി, വരിഓല വായിച്ചു, നിറപറയെഴുന്നെള്ളത്തു
തുടങ്ങി.ദേശാതിര്‍ത്തിയിലെ സമുദായക്കാരുടെ ക്ഷേത്രപ്പറകള്‍ എടുത്ത് ഈടു
വെടിക്കു ശേഷം പ്രധാന എഴുന്നെള്ളത്ത് ആരംഭിച്ചു. കലാമണ്ഡലം പരമേശ്വര
മാരാരുടെ നേത്രുത്വത്തിലായിരുന്നു പഞ്ചവാദ്യം . അലങ്കരിച്ച ദേവിയുടെ
തിടമ്പേറ്റി
തെച്ചിക്കോട്ടു കാവു രാമചന്ദ്രന്ടെ നേത്രുത്വത്തില്‍ നടന്ന എഴുന്നെള്ളത്തു
ആനപ്പന്തലില്‍ അണിനിരന്നു.
വല്ലങ്ങി
ദേശത്തിന്ടെ ആഘോഷങ്ങള്‍ ഗണപതി ഹോമത്തോടെ തുടങ്ങി.
ഈടുവെടിക്കുശേഷം കുട്ടപ്പന്‍ മാരാരുടെ നേത്രുത്വത്തില്‍ പഞ്ചാവാദ്യത്തോടെ
തിരുവമ്പാടി
ശിവസുന്ദര്‍ തിടമ്പേറ്റി.ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച
എഴുന്നെള്ളത്ത് ആനപ്പന്തലില്‍ അണി നിരന്നു….
തുടര്‍ന്നു കുടമാറ്റം പിന്നെ വെടിക്കെട്ട് .അതിന്‍റ്റെ ശബ്ദമാണു റോഡരികില്‍ നിന്നും ഞങ്ങള്‍ ആസ്വദിച്ചത്.
കുറച്ചുനേരം കനാലരികത്തും പിന്നെ
പാട വരമ്പത്തും നടന്നു.ഇതിനിടയില്‍ വഴിയില്‍ നഷ്ടപ്പെട്ട
സ്റ്റോര്‍ രാജേഷേട്ടനെ
കണ്ടുകിട്ടി, പക്ഷെ അപ്പോഴും ഒരാള്‍ ഇല്ല. ഒന്നു വിളിച്ചു നോക്കാമെന്നു
വെച്ചാല്‍ മൊബൈല്‍ കമ്പ്ലീറ്റ് ജാം . നിരാശപ്പെടാതെ ശ്രമിച്ചു
കൊണ്ടിരുന്നപ്പൊള്‍ കിട്ടി.....
വെറുതെ ഒരു രസത്തിനു ഒരു പൂക്കാരി
അമ്മയുടെ കയ്യില്‍ നിന്നും മുല്ലമാല വാങ്ങിച്ചു, . ഹ്രിദ്യമായ
പരിമളം പരത്തി അതു എന്ടെ കൂടെ നടന്നു…
പിന്നെ ഞങ്ങള്‍ ഭക്ഷണം കഴിക്കാനിറങ്ങി
.സഹിക്കാനാകാത്ത വിശപ്പുകാരണം പാതി വെന്ത ബിരിയാണിയും കഴിച്ചു പിന്നെയും കാത്തിരുപ്പ്, ഞാനാകെ മുഷിഞ്ഞു, ആകപ്പാടെ ഒരു ഇഷ്ടക്കേട് ,
തിരിച്ച്
പാടത്തേക്ക് "Z" category protection നോടെ ! ഉഴുതിട്ട് പരുക്കനായ
പാടത്ത് പത്രം വിരിച്ച് ഉണങ്ങിയ മണ്‍കട്ട് തലയിണയാക്കി
ഞാന്‍ നടുവിലും മറ്റുള്ളവര്‍ ചുറ്റിലുമായി കിടന്നു
കാവല്‍നില്‍ക്കാന്‍ പാടവരമ്പില്‍ കരിമ്പനകള്‍ , ഉള്ളിലെ വേവു മാറ്റാന്‍
തണുത്ത കാറ്റ് , മേലെ ആകാശം , താഴെ ഭൂമി....... ഞാന്‍ ഒരു സ്ത്രീയാണെന്ന്
അറിയാതിരിക്കാനായി ഞാന്‍ ഒരു കൈലിയിലേക്കു ചുരുണ്ടുകൂടി.
പതുക്കെ
എല്ലാവരും മയക്കത്തിലേക്കു വീണു, കൊയ്ത്ത് കഴിഞ്ഞ പാടത്തു സുഖമായി
ഉറക്കം . ആളൊഴിഞ്ഞൊരു വശത്തായിരുന്നു ഞങ്ങള്‍ കിടന്നത് . 2 മണിയായിക്കാണും
ഉണര്‍ന്നപ്പോള്‍ ,
അപ്പോള്‍ ചുറ്റിലും നിറയെ ആള്‍ക്കാര്‍ കിടക്കുന്നുണ്ടായിരുന്നു.......
ഹെല്‍മെറ്റ് വെച്ച് ഉറങ്ങിയ ജിണ്‍സണ്‍ സാര്‍ എല്ലാവര്‍ക്കും കൗതുക
കാഴ്ച്ചയായിരുന്നു; അതുകണ്ട് ചിരിക്കാതെയും കമെണ്ട് പറയാതെയും ആരും കടന്നു
പോയിക്കാണില്ല , രണ്ടു ദേശക്കാരുടെയും വെടിക്കെട്ട് സാമാഗ്രികളുടെ
ഇടയിലായിരുന്നു ഞങ്ങള്‍ കിടന്നിരുന്നത് ,
പതുക്കെ എഴുന്നേറ്റു
സുരക്ഷിത സ്ഥാനം നോക്കിനടന്നു തുടങ്ങി
പാടത്തിന്‍ കരയില്‍ ഒരു
വീടുണ്ടായിരുന്നു 'ശൂ' വെക്കാന്‍ അങ്ങോട്ടുകയറി . പിന്നെ മനസ്സിലായി ആ
മുറ്റത്തുനിന്നാല്‍ സ്വസ്ഥ്മായി കാണാന്‍ പറ്റും എന്ന് , അവിടെ ഒരു പാടു
സ്ത്രീകളും കുട്ടികളും നാട്ടുകാരും ഒക്കെയുണ്ട് , അവിടെ അര മതിലില്‍ കയറി
ഇരിപ്പായി ...
3 മണിയായിക്കാണും വല്ലങ്ങിയുടെ വെടിക്കെട്ട്
തുടങ്ങിയപ്പോള്‍ ആകാശത്ത് ആയിരം വര്‍ണ്ണമുതിര്‍ത്തുകൊണ്ട് കൂറ്റന്‍ പൂക്കളങ്ങള്‍........
തീരാറായപ്പോള്‍ ഘനഗംഭീരമായ അമിട്ടുകള്‍ .. സാക്ഷാല്‍ ഡൈനാമിറ്റുകള്‍!! ചെവിക്കകത്തു എന്തോ മുഴക്കം പോലെ....? കൊള്ളാം .
ഇനി നെന്മാറയ്ക്കുവേണ്ടി കാത്തിരിപ്പ് ........
നിമിഷങ്ങള്‍
കടന്നുപോയിക്കൊണ്ടിരുന്നു 3.45 കഴിഞ്ഞുകാണും ..... അതാ അങ്ങുദൂരെ
സിഗ്നല്‍ .... വലിയൊരു പൂത്തിരി ...........പിന്നെ പതുക്കെ
ആയിരം ദീപങ്ങളില്‍ തെളിഞ്ഞു "നെന്മാറ" പതുക്കെ പൊട്ടിത്തുടങ്ങുകയാണു
പിന്നെ പിന്നെ മുഴക്കവും വെളിച്ചവും കൂടിവന്നു ; ചുറ്റിലുമുള്ളവര്‍ പതുക്കെ
പിന്തിരിഞ്ഞോടാന്‍ തുടങ്ങി....... ഇതു മുഴക്കങ്ങള്‍ അല്ല .....
ഭൂകമ്പമൊ....... ബോംബുസ്ഫോടനമോ........
ചൂടും വെളിച്ചവും ശരീരത്തിലേക്കും പടരുന്ന പോലെ ശബ്ദപ്രകമ്പനങ്ങളെ വെള്ളത്തിലെന്ന പോലെ തൊട്ടറിയാം ...... ആ
വീട്ടിലെ ഓടിട്ട തൊഴുത്തിനു കീഴെ നിന്നപ്പൊ ആരൊക്കയൊ പറഞ്ഞു 'മാറി നില്ക്കാന്‍ ഓടുകള്‍ താഴെ വീഴാം ' .......

പാടത്തുനിന്നു
പറന്നു പൊങ്ങുന്ന തീഗോളങ്ങള്‍ ആകാശത്ത് തീക്കുടകള്‍ പോലെ , വിടരുന്ന
ശബ്ദമോ പറഞ്ഞറിയിക്കാനാകാത്തത് , ആ വലിയ വീടുപോലും കിടുങ്ങുന്ന പോലെ ....
ഹതു
തീര്‍ന്നപ്പോഴോ മുഴക്കങ്ങളൊന്നുമല്ല പറഞ്ഞറിയിക്കാനാവാത്ത എന്തോ
അനുഭൂതി.... വല്ലാത്ത
ശാന്തത പെട്ടന്ന് എങ്ങോട്ടോ പോയി പെട്ടന്ന് ഈ ഭൂമിയില്‍ തിരിച്ച് എത്തിയ
പോലെ . അതെ , ഒരിക്കലെങ്കിലും , ഒരൊറ്റത്തവണയെങ്കിലും ഇതു കണ്ടിരിക്കണം .
ഇത്ര
ഗംഭീരമായ സംഭവങ്ങളൊ കോടതി ഇടപെട്ടു നിര്‍ത്തി വെപ്പിക്കുന്നത്!
കുറ്റം പറയാന്‍ പറ്റില്ല കേട്ടൊ, താങ്ങാന്‍ ത്രാണിയില്ലത്തവര്‍ ചത്തു
പോകും .
എന്റെ മുഷിപ്പും വിഷമവുമൊക്കെ എങ്ങോ പോയി, നിറഞ്ഞ
സന്തോഷം മാത്രം
നേരം പുലര്‍ന്നുതുടങ്ങിയിരുന്നു .
ജനങ്ങള്‍ തിരികെയാത്ര ആരംഭിച്ചു കഴിഞ്ഞു . ഉറുമ്പുകള്‍ നീങ്ങുന്നതു പോലെ
ആള്‍ക്കൂട്ടം നീങ്ങുന്നതു കാണാം . പതുക്കെ ഞങ്ങളും .....
തിരികെവരുമ്പോള്‍ കണ്ടു നെന്മാറയുടെ ആനപ്പന്തലില്‍ ചോദ്യം ചെയ്യാനാവാത്ത
തലയെടുപ്പോടെ തെച്ചിക്കോട്ടുകാവു രാമചന്ദ്രന്‍ ......
ഹായ് എന്തു ഭംഗിയാണു കാണാന്‍ ആ
തലയെടുപ്പും ചന്തവും . അവനൊ , ഒരല്പ്പം അഹങ്കാരത്തോടെ മസ്തകം ഉയര്‍ത്തി ഗംഭീരനായി നില്‍ക്കുന്നു.
തിരക്കിനിടയ്ക്കു ഒത്തിരി നില്ക്കാന്‍ കഴിയില്ലല്ലൊ . കൂട്ടുകാരുടെ തികഞ്ഞ സംരക്ഷണത്തിനു നടുവില്‍ ഞാന്‍ ........
പിന്നെ ഞങ്ങള്‍ ജിന്‍സണ്‍ സാറിന്‍റ്റേ വീട്ടിലേയ്ക്ക്........
ചുടുചായയും കുടിച്ച് പോള്‍ ജോയ്ക്കും , അന്ന റോസിനുമൊപ്പം പടം വര........
കുളി, ഭക്ഷണം .....
ഭക്ഷണം അതിഗംഭീരമായിരുന്നു , നല്ല രുചി ! "പിടി," ചിക്കന്‍ കറി, പോര്‍ക്ക് , ബീഫ് , ചമ്മന്തി , അപ്പം , കപ്പ ... അടിപൊളി........
പിന്നെ മംഗലം ഡാം - വെയിലുകാരണം ശരിക്കാസ്വദിക്കാന്‍ കഴിഞ്ഞില്ല ........
ആ യാത്രയും കൂടെ കഴിഞ്ഞപ്പോള്‍ ശരിക്കും തളര്‍ന്നു . ഓരോരുത്തരും വീണിടത്തുതന്നെ ഉറങ്ങീയെന്നു പറയാം
ഊണുകഴിഞ്ഞ് മടക്കയാത്ര ,
സുമിത്രേട്ടന്‍റ്റേ വീട്ടില്‍ വീണ്ടുമൊരു സല്ലാപം .
നെന്മാറയെന്നു
കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് +2 വിലെ രമ റ്റീച്ചറിന്‍റ്റേ
മുഖമായിരുന്നു..... ബോട്ടണി പഠിപ്പിച്ച എന്‍റ്റേ പ്രീയപ്പെട്ട
റ്റീച്ചറിന്‍റ്റേ മുഖം . ഇനി അതോടൊപ്പം നെന്മാറ - വല്ലങ്ങി
വേലയും ഉണ്ടാകും .....
കിടിലന്‍ മുഴക്കത്തൊടെ !!!!! |