Friday, 10 August 2012

ചെമ്പ്രമുത്തച്ചന്‍

മഞ്ഞിന്റെ നനുത്ത പുതപ്പൊന്നു വലിച്ചുമാറ്റി ചൂടുള്ളൊരുമ്മ കവിളത്തു കിട്ടിയപ്പോഴാണു കുഞ്ഞു പൂവ് കണ്ണു തുറന്നത് . മേലെ പുഞ്ചിരിച്ചു കൊണ്ട് പ്രഭാത പ്രൌഢിയോടെ സൂര്യന്‍. കുഞ്ഞു കണ്‍പീലിയില്‍ മഴവില്ലു വിരിയിച്ചുകൊണ്ട്‌ സൂര്യന്‍ ഉദിച്ചുയര്‍ന്നു . മൂളിപ്പാട്ടൊന്നു പാടിക്കൊണ്ട്‌ കുഞ്ഞൂ പൂവ് വിടര്‍ന്നു നിന്നു . ആഹ്ലാദത്തോടെ അവള്‍ ചെംബ്ര മുത്തച്ചനെ വിളിച്ചുണര്‍ത്തി .
"ഏയ് , എണീക്കാറായില്ലേ , ദാ പിള്ളേരൊക്കെ എത്താറായി ......"
പ്രായമേറെ ആയെങ്കിലും ആഢ്യത്വം വിടാത്ത ചെംബ്ര മുത്തച്ചന്‍ മെല്ലെ കണ്ണുതുറന്നു . നാട്ടിലെ ഉയരം കൂടിയ കുന്നാണു ചെംബ്ര കുന്ന് ; തൊട്ടു താഴെ നാട്ടിന്റെ അക്ഷര ദീപമായ പാഠശാല, കിലുകിലാരവം കൂട്ടിക്കൊണ്ട്‌ എത്തുന്ന കുട്ടികളെ കാണാന്‍ ചെംബ്ര മുത്തച്ചനു വലിയ ഇഷ്ടമാണ്‍ . അവര്‍ വന്നു കഴിഞ്ഞല്‍ പിന്നെ എന്തു രസമാണെന്നോ ....?
ഓളിച്ചേ കണ്ടേ , കാല്പ്പന്തു കളി , തൊട്ടുകളി , ഓലപ്പന്തു കളി.... അങ്ങനെ എന്തെല്ലാം , എന്തെല്ലാം കളികള്‍ ...! പിന്നെ ഇടയ്ക്കിടെയുള്ള വഴക്കുകള്‍ , പിണക്കങ്ങള്‍.... ചെംബ്ര മുത്തച്ചനു എല്ലാം വലിയ ഇഷ്ട്ടമാണു . എല്ലാം കണ്ടും കേട്ടും തലയാട്ടി ചിരിച്ചുകൊണ്ടു ചെംബ്ര മുത്തച്ചന്‍ ഇരിക്കും . സമയം പോകുന്നതു അറിയാറേ ഇല്ല .

വൈകുന്നേരം ആരവങ്ങൊളൊഴിഞ്ഞാല്‍ പിന്നെ മുത്തച്ചനു മൗനമാണ്‌ . പിന്നെ കൂട്ട് കുഞ്ഞുപൂവ് മാത്രം . അവളുടെ കൊഞ്ചലും സന്ധ്യ കഴിയുന്നതോടെ നില്ക്കും , അവളും ഉറക്കമാവും .

മഞ്ഞിന്റെ പുതപ്പു വന്നു മൂടിക്കഴിയുമ്പോള്‍ ചന്ദ്രോദയത്തിന്റെ നനുത്ത തലോടലില്‍ നക്ഷത്രങ്ങളുടെ താരാട്ടുകേട്ട് മെല്ലെ മെല്ലെ ചെംബ്ര മുത്തച്ചനും ഉറക്കത്തിലേക്കു വഴുതി വീഴും . ഉച്ചിയിലെ മാവില്‍ കൂടുതേടുന്ന മിന്നാമിന്നിക്കൂട്ടം ഇരുളില്‍ മറ്റൊരു വിസ്മയം തീര്‍ക്കും . വീശിയടിക്കുന്ന കാറ്റ് മുത്തച്ചനെ ഉണര്‍ത്താതെ കടന്നു പോകും.
പിന്നെയുമൊരു പ്രഭാതം
കുന്നിന്‍ മുകളും . കുഞ്ഞുപൂവിന്റെ കുസ്രുതിയും കുട്ടികള്‍ പൂമ്പാറ്റകളാകുന്ന താഴ്വരയുമായി ചെംബ്ര മുത്തച്ചന്റെ ദിവസം തുടങ്ങുകയായി .
ചെംബ്ര മുത്തച്ചന്, ഏറ്റവും പേടിയുള്ള ഒരു കാര്യമുണ്ട് , ഇടയ്ക്കിടയ്ക്കു ചില കുസ്രുതിക്കുരുന്നുകള്‍ കുന്നുകേറാന്‍ വരും , ക്ലാസ്സ് കട്ടുചെയ്തൊരു കുട്ടിക്കുറുമ്പ് . ഉച്ചിയില്‍ നിന്നു നോക്കിയാല്‍ ദൂരെ മാഹിക്കടല്‍ നീലാകാശത്തെ മാറോടുചേര്‍ത്ത് നീണ്ടു കിടക്കുന്നു .....
നേര്‍ത്ത നൂല്‍ക്കഷണങ്ങള്‍ പോലെ കറുത്ത തോണികള്‍ പുറങ്കടലിലേയ്ക്കു നീന്തുന്നു , ദൂരെ ദൂരെ നീങ്ങുന്ന പായ്ക്കപ്പലുകള്‍ ഉച്ചവെയിലില്‍ വെട്ടിത്തിളങ്ങുന്ന വെള്ളിയാങ്കല്ല്, .... ; അതെ , പ്രണയികളുടെ ആത്മാക്കള്‍ തുമ്പികളായി പറക്കുന്ന കടലിലെ വെണ്ണക്കല്‍കൊട്ടാരം , ഇതു പടിഞ്ഞാറന്‍ കാഴ്ച്ച , അങ്ങു കിഴക്കന്‍ ചക്രവാളത്തിലോ വയനാടന്‍ മലനിരകളുടെ കരിനീലക്കാഴ്ച്ച : വെള്ളിമേഘങ്ങളെ തൊട്ടുരുമ്മിക്കൊണ്ട് അവരങ്ങനെ നില്ക്കുകയാവും , കോട്ടപോലെ ......
കുട്ടികള്‍ വന്നു കഴിഞ്ഞാല്‍ കുഞ്ഞുപൂവിനും സന്തോഷമാണ്‍ , അവരുടെ കുഞ്ഞുകാലുകളില്‍ മുത്തം വെച്ചവള്‍ പൊട്ടിച്ചിരിക്കും , അതു കാണുമ്പോള്‍ പൂമ്പാറ്റക്കു ദേഷ്യം വരും , നിനക്കു അസൂയയാണു എന്നവള്‍ കളിയാക്കും , അവനോ ? ദേഷ്യപ്പെട്ടു പറന്നുയരും , പക്ഷേ ഈറനണിഞ്ഞു വിടര്‍ന്നുനില്‍ക്കുന്ന അവളെക്കാണാന്‍ അവന്‍ വീണ്ടും വരും , അവരുടെ പിണക്കം കാണുമ്പോള്‍ തുമ്പയ്ക്കും തുളസ്സിയമ്മയ്ക്കും ചിരിവരും.
കാന്തല്ലൂരിലെ ഈ മല കാണുമ്പോള്‍ ചെമ്പ്ര ക്കുന്നാണു എന്റെ ഓര്‍മ്മയില്‍ വരുന്നത് 
പിന്നെ , ചെംബ്ര മുത്തച്ചന്റെ നെറുകയില്‍ മറ്റൊരു വിശേഷം കൂടിയുണ്ട് ഒരു കൊച്ചു ശ്രീകോവില്‍ ; ശ്രീക്രിഷ്ണന്റെ . അങ്ങനെ ഗുരുവായൂരപ്പന്റെ പ്രസാദവുമായി ചെംബ്ര മുത്തച്ചന്‍ കാവലാണ്‍ , നാടിനു .......
പതിവില്ലാത്തൊരു മുഴക്കം കേട്ടാണു അന്ന് മുത്തച്ചന്‍ കണ്ണുതുറന്നതു , മഞ്ഞനിറമുള്ള ഒരു ജന്തു താഴത്തുനില്‍ക്കുന്നു , കയ്യിലും കഴുത്തിലും സ്വര്‍ണ്ണം കെട്ടിയ വേറെ ചിലര്‍ കുമ്പവീര്‍പ്പിച്ചു നില്‍ക്കുന്നുണ്ട് . ചുറ്റിലും കുട്ടികള്‍ അത്ഭുതം നിറഞ്ഞ മിഴികളുമായി കൂടിനില്‍ക്കുന്നു , ആ കാഴ്ച്ച കാണാന്‍ കുഞ്ഞുപൂവും ഏന്തി വലിഞ്ഞു നോക്കി . എന്താണതെന്ന് അറിഞ്ഞുവരാന്‍ പൂമ്പാറ്റയെ പറഞ്ഞുവിട്ടു.
പെട്ടന്നാണതു സംഭവിച്ചത് , ഉച്ചത്തില്‍ ഗര്‍ജ്ജിച്ചുകൊണ്ട് ആ ജന്തു മുത്തച്ചനു നേരെ പാഞ്ഞടുത്തു . കൂര്‍ത്തുവളഞ്ഞ ദംഷ്ട്രകള്‍ മുത്തച്ചന്റെ പള്ളയിലേക്കു ആഴ്ന്നിറങ്ങി . വേദനകൊണ്ട് മുത്തച്ചന്‍ അലറിവിളിച്ചു , പ്രേതമാവേശിച്ചതു പോലെ ദേഹം ഉറഞ്ഞുതുള്ളി . മണ്ണും പാറയും ഉരുണ്ടു വീഴാന്‍ തുടങ്ങി , എന്തു സംഭവിക്കുന്നുവെന്നറിയാതെ കുഞ്ഞു പൂവ് പേടിച്ചുവിറച്ചു , അതിശക്തമായ കുലുക്കങ്ങളില്‍ തുമ്പയും തുളസിയമ്മയും വേരോടെ പിഴുതെറിയപ്പെട്ടു , കോവിലിലെ ദേവന്‍ നിസ്സഹായനായി വിതുമ്പി......
വേരിളകിയ കുഞ്ഞുപൂവിനെ ഒരു ഇളംകാറ്റ് കയ്യിലെടുത്തു . എങ്ങോട്ടെന്നില്ലത്ത യാത്രയ്ക്കിടയില്‍ ഒരു കരിങ്കല്ലിനിടയില്‍ ചിറകു കുടുങ്ങിയ പൂമ്പാറ്റയെ അവള്‍ കണ്ടു , അവള്‍ വേദനയോടെ തേങ്ങി , ഒടുവില്‍ വെയിലുറഞ്ഞ ഒരു കരിമ്പാറയില്‍ അവള്‍ തളര്‍ന്നു വീണു , വാടിക്കരിഞ്ഞു അവശയായ അവള്‍ ആ കാഴ്ച്ച കണ്ടു ചെംബ്ര മുത്തച്ചന്‍ അതാ ചെറിയ ചെറിയ മണ്‍കൂനകളായി വലിയ ലോറികളില്‍ എങ്ങോട്ടെന്നില്ലാതെ ചീറിപ്പാഞ്ഞുകൊണ്ടിരിക്കുന്നു ......
അതു കണ്ടു നില്‍ക്കാനാവാതെ കുഞ്ഞുപൂവ് കണ്ണടച്ചു, എന്നേക്കുമായി......
സമര്‍പ്പണം : പുതിയ തലമുറയ്ക്ക് അന്ന്യമായിപ്പോയ വടകര - ഓര്‍ക്കാട്ടേരിയിലെ ചെമ്പ്രക്കുന്നിന്.
ചിത്രങ്ങള്‍ : അനിലേട്ടന്‍ 

Thursday, 9 August 2012

പുഴ പറഞ്ഞത്

( പ്രകര്‍തി ദുരന്തങ്ങളെ പലപ്പോഴും നമ്മള്‍ പഴിക്കാറെയുള്ളു... നമ്മള്‍ മനുഷ്യരുടെ ദുര പൂണ്ട പ്രവര്‍ത്തികളാണ്‍ അവയ്ക്ക് ഉത്തരവാദികളെങ്കിലും അത് പ്രക്രുതിയുടെ ക്രൂരതയാണെന്നു പറഞ്ഞ് നമ്മള്‍ അവള്ക്കു നേരെ വിരല്‍ ചൂണ്ടുന്നു . പുഴയെ മറന്നുള്ള മണല്‍ വാരലും , ഭൂമിയെ മറന്നുള്ള മരം വെട്ടലും പ്രക്രുതിയുടെ സംതുലനങ്ങളെ താളം തെറ്റിക്കുന്നു . അരീക്കോടിനടുത്ത് സ്കൂളില്‍ നിന്നു മടങ്ങവെ ചാലിയാറില്‍ മുങ്ങിത്താഴ്ന്ന കുരുന്നുകളുടെ സ്മരണയ്ക്കു മുന്നില്‍ ഒരുകുടന്ന കണ്ണുനീര്‍പ്പൂക്കളുമായി ..... പുഴയുടെ അമ്മ മനസ്സിലൂടെയൊരു യാത്ര , അവള്‍ക്കു സങ്കടം പറയാന്‍ പ്രിയതമനായ കടല്‍ മാത്രമെയുള്ളൂ .... പുഴ കടലിനോട് പറഞ്ഞതെന്തായിരിക്കും ....? )
പുഴ പറഞ്ഞത്....

അന്ന് പരിഭ്രാന്തയായാണ്‍ അവള്‍ ഓടിവന്നത് ഒന്നും പറയാതെ കെട്ടിപ്പിടിച്ച് ഒറ്റക്കരച്ചില്‍ , കര്‍ക്കടകത്തിലെ രൗദ്രഭാവം കണ്ടതാണ്‍ , തുലാവര്‍ഷമിങ്ങെത്തിയിട്ടില്ല അതിനിടയ്ക്ക് ഇതെന്തു പറ്റി ? കടലിന്‍ ഒന്നും മനസിലായില്ല .
കടല്‍ പതിയെ അവളുടെ മുഖം പിടിച്ചുയര്‍ത്തി ഇല്ല , കണ്ണുനീര്‍ കുടുകുടെ ചാടുകയാണ്‍ .
അല്ല , ഞാനല്ല . ഞാനൊന്നും ചെയ്തില്ല .......
അവള്‍ അലറിക്കരഞ്ഞുകൊണ്ടു പറഞ്ഞു ......
"ഇപ്പൊഴും എനിക്കൊന്നും മനസ്സിലായില്ലല്ലൊ പ്രീയെ ..." കടല്‍ അവളെ മാറോടമര്‍ത്തിക്കൊണ്ടു പറഞ്ഞു . കരയാതിരിക്കൂ ....
തേങ്ങലൊന്നടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു തുടങ്ങി ,
" വൈകുന്നേരമായിരുന്നു , ഞാന്‍ നോക്കിയിരിക്കുകയായിരുന്നു , ആരവം കേട്ടുതുടങ്ങിയപ്പോള്‍ സന്തോഷമായി .... അവര്‍ ഓടി വരികയാണ്‍ , പല പ്രായത്തിലുള്ളവര്‍ ... കിലുക്കാം പെട്ടികള്‍ , അവരുടെ കളിചിരികളും , കുഞ്ഞു കുസ്രുതികളും മാത്രമാണ്‍ ആകെ സന്തോഷം , ദിവസത്തില്‍ രണ്ടു നേരം മാത്രം കിട്ടുന്ന അനര്‍ഘ നിമിഷങ്ങള്‍ .
പിന്നെ , പകലില്‍ മുഴുവനും ഹ്രിദയം കീറി നുറുങ്ങുന്ന വേദനയാണ്‍ , മണല്‍ വാരി വാരി ആഴമുള്ള വടുക്കള്‍ ഒത്തിരിയേറെയുണ്ട് ... അതിന്റെ ആഴവും ചുഴികളും , പുറമെ സുന്ദരിയെങ്കിലും , അകമെ നിഗൂഢ വിഷമെന്തിയ രാക്ഷസിയാക്കുന്നു .., അതെ , ശാന്ത സുന്ദരമായ നീലിമയില്‍ ഒളിച്ചു നില്ക്കുന്ന കെണി ..... എത്ര മനുഷ്യര്‍ അതിലപ്രത്യക്ഷരായി .....
ആ ദിവസത്തിനു പതിവിലും കാളിമ ഏറെയുണ്ടായിരുന്നു .
ഓടിക്കയറിയ കുരുന്നുകളോട് തോണിക്കാരന്‍ കോയാക്ക പറഞ്ഞതൊന്നും അവര്‍ കേട്ടില്ല , പുസ്തക സഞ്ചിയുടെ മധുരമുള്ള ഭാരവും പേറി ഞാന്‍ മുന്‍പെ ഞാന്‍ മുന്‍പെ എന്ന മട്ടില്‍ അവര്‍ വള്ളത്തിലേക്കു ചാടിക്കയറുകയാണ്‍ , എനിക്കു പേടിയുണ്ടായിരുന്നു , ഉവ്വ് , അവരൊത്തിരിപ്പേരുണ്ടായിരുന്നു , തോണിക്ക് നല്ല ഭാരമുണ്ടായിരുന്നു , അതുകാരണം ഞാന്‍ കഴിയുന്നത്ര പതുക്കെ ഓളമിളക്കാതെയാണൊഴുകിയത് . പക്ഷെ എന്റെ കണക്കുകൂട്ടലുകല്‍ തെറ്റി , എന്റെ വിക്രുതിക്കുടുക്കകള്‍ ആരേയും വകവെച്ചില്ല , തോണിക്കയറിനായി അവര്‍ മല്‍സരിക്കുകയാണ്‍ .
"ഇക്ക അവിടെ മിണ്ടാതെയിരുന്നോളൂ ... തോണി ഞങ്ങള്‍ അക്കരെയെത്തിക്കാം " ആരോ വിളിച്ചു പറഞ്ഞു .
പെട്ടന്ന് ഒരു കുരുന്ന് എഴുന്നേറ്റു നിന്നതു കൊണ്ടാവണം തോണി ഇത്തിരിയൊന്നു ചരിഞ്ഞത് , തോണിയിലേക്കു വെള്ളം കേറാന്‍ തുടങ്ങി , നിസ്സാഹയതയോടെ നില്ക്കാനേ ഇക്കയ്ക്കു പോലും കഴിഞ്ഞുള്ളൂ ,
പിന്നെ , പിന്നെയെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു , ആ കൊച്ചു തോണി എന്റെ ആഴതടങ്ങളിലേക്കു കൂപ്പു കുത്തി , കളിയും , ചിരിയും , സ്വപ്നവുമായെത്തിയ പൂങ്കുരുന്നുകളേയും കൊണ്ട് ...
എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല .......
പുഴയോരത്തെ മരക്കുറ്റികള്‍ ഓര്‍മ്മക്കമ്പുകള്‍ നീട്ടി ഒഴുക്കു തടയാന്‍ ശ്രമിച്ചു .......
പുഴയുടെ സങ്കടം കണ്ട് ഓടിവന്ന മഴമേഘങ്ങള്‍ പിന്നെയും തിമിര്‍ത്തു പെയ്തു ......
തലതല്ലിക്കരയുന്ന പുഴയെ കടല്‍ മാറോടണച്ചു , പിന്നെ , കാതില്‍ മെല്ലെ പറഞ്ഞു ; "കരയാതിരിക്കൂ പ്രീയെ നമ്മള്‍ പാടെ നിസ്സഹായരാണെന്നു ആരും അറിയുന്നില്ലല്ലൊ..."

Saturday, 28 July 2012

നെന്മാറ വേല - ഒരു പെണ്‍കാഴ്ച്ച.



ഏപ്രില്‍ 03 2010
ഉച്ചയൂണ്‍ കഴിഞ്ഞ് 2.30 ആയിക്കാണും തിരിച്ചപ്പൊള്‍, ആഖില്‍ സാര്‍, സുബീഷ് സാര്‍, ലെനിന്‍, പിന്നെ സ്റ്റോര്‍ രാജേഷേട്ടനും അടങ്ങുന്ന സംഘം ഒരു കാറിലും ഒരു ബൈക്കിലുമായാണു പെരിന്തല്‍മണ്ണയില്‍ നിന്നും യാത്ര തുടങ്ങിയത്.
ചേര്‍പ്പുളശ്ശേരി, ഒറ്റപ്പാലം, തിരുവില്ലാമല വഴിയാണു പോയത്.
കൊയ്ത്തു കഴിഞ്ഞ പാടമെല്ലാം ഉണങ്ങികിടക്കുന്നു. പാടവരമ്പത്തെ   കരിമ്പനകള്‍ക്കും എന്തൊ ക്ഷീണം പോലെ, ചൂടുകൊണ്ടാവും അല്ലേ? തീയ്ക്കുപോലും കാണില്ല ഇത്രേം ചൂട്. പാടത്തിനു നടുവിലൂടെ കറുത്ത റിബണ്‍ പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡ്, മുന്നില്‍ വാഹനങ്ങളുടെ നീണ്ട നിര. വീതി കുറഞ്ഞ വഴിയിലൂടെ എല്ലാം നീങ്ങുന്നത് ഒരേ  ലക്ഷ്യത്തിലെക്ക്..... നെന്മാറ.
ഉള്‍ക്കൊള്ളാനാവുന്നതിലും കൂടുതല്‍  ഭാരവുമായി നിരങ്ങിനീങ്ങുന്ന ബസ്സിനു പിന്നില്‍ കാറില്‍ ഞങ്ങളും, തിരക്കിനിടയ്ക്ക് ബൈക്ക് എങ്ങൊ മറഞ്ഞിരുന്നു
നുഴഞ്ഞു കയറ്റക്കാര്‍ നേരത്തെ മുങ്ങിയതാണ്.
നല്ല മഴക്കോള്‍ , അങ്ങു ദൂരെ ആകാശത്തു കരിമേഘങ്ങള്‍ കോപ്പു കൂട്ടുന്നുണ്ട്, ചെറുതായി ഇടിമുഴക്കം കേള്‍ക്കാം

നെന്മാറയ്ക്കിനി 4 കി മി മാത്രമെ ഉള്ളൂ എന്ന് വഴിയരികിലെ സൈന്‍ ബോര്‍ഡ് ഓര്‍മ്മിപ്പിച്ചു, ഞങ്ങള്‍ക്കു പിന്നിലും കാണാം ചെറുതും വലുതുമായ വാഹനങ്ങളുടെ നീണ്ട നിര, ഏതിരെ വന്ന കുറേ ആളുകള്‍ പറയുന്നതു കേട്ടു  വെടിക്കെട്ട് ഇപ്പോള്‍ തുടങ്ങുമെന്ന്….
ഇത്ര നേരത്തെയൊ, സമയം 5 മണി ആവുന്നതേയുള്ളൂ …… പക്ഷെ അവര്‍ പറഞ്ഞതു ശരിയായിരുന്നു, ഇങ്ങു 4 കി, മി. ഇപ്പുറത്തു കേള്‍ക്കുന്ന മുഴക്കങ്ങള്‍ ഇടിയായിരിക്കുമെന്നു ഞങ്ങള്‍ കരുതിയത് വെടിക്കെട്ടിന്‍റ്റേതാവാം , ഏതായാലും യാത്ര തുടര്‍ന്നു നെന്മാറ ദേശം സ്വാഗതം ചെയ്യുന്ന കവാടത്തിനു മുന്നിലായി വണ്ടി നിര്‍ത്തി, മഴച്ചാറ്റല്‍ ഉണ്ടായിരുന്നു, നേരെയും എതിരെയും ആയി ജനസഹസ്രം ഒഴുകുകയാണ്. മിക്കവരും നാലുകാലിലൊ അതിലേറേ കാലിലൊ ആണെന്നു മാത്രം, ഭയപ്പെടുത്തിയ ഒരു കാര്യം സ്ത്രീ പ്രജകളെ വളരെ ചുരുക്കമായെ കാണുന്നുളൂ എന്നതാണു , അതും തിരികെ പോകുന്നവര്‍. ‘Escort’ ഉള്ളതുകൊണ്ടു  മാത്രം ധൈര്യമായി നടക്കാമെന്നു മാത്രം. ജിന്‍സന്‍ സാര്‍ നെന്മാറ ദേശത്തിന്റെ ആനപ്പന്തലിനടുത്തുനിന്നും സഘത്തിലേക്കു ചേര്‍ന്നു. ഒരായിരം ദീപപ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന കൂറ്റന്‍ ആനപ്പന്തല്‍,  അതിന്നടുത്തു നിന്നു താഴെ പൂരപ്പറമ്പിലേക്കു നോക്കിയപ്പൊഴാണു കണ്ണുതള്ളിപ്പോയത്, ഉറുമ്പുകൂട്ടം പോലെ പതിനായിരക്കണക്കിനാളുകള്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ആള്‍ക്കാര്‍ ഉണ്ട് എന്നു തോന്നുന്നു അത്രേം മനുഷ്യര്‍ ... ഹൊ!


നെല്ലിമലകളുടെ താഴ്വരയിലാണു ക്ഷേത്രം , ദൂരെ നെല്ല്യാമ്പതി മലനിരകള്‍ കാണാം , നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വേലയൊടനുബന്ധിച്ചാണ്‍ പേരുകേട്ട നെന്മാറ - വല്ലങ്ങി വേല. രണ്ടു ദേശക്കാരുടേയും ആനപ്പന്തലുകള്‍ അതിഗംഭീരമായി അണിയിച്ചൊരുക്കിയിരുന്നു. ആരാണു കേമന്‍ എന്ന മട്ടില്‍ , ഇരുവരും രാജകീയ പ്രൗഡിയോടെ മുഖാമുഖം നില്‍ക്കുന്നു. കെട്ടിലും മട്ടിലും മുമ്പന്‍ നെന്മാറയാണന്നണ്‍ എനിക്കു തോന്നിയത് വല്ലങ്ങി മോശമാണെന്നല്ല , നിറമുള്ള ദീപങ്ങള്‍ ഏറെയുള്ളത് വല്ലങ്ങിക്കുതന്നെ .  നെന്മാറ ദേശത്ത് രാവിലെ തിടമ്പ് പൂജ കഴിഞ്ഞു , പന്തം വഴങ്ങി, വരിഓല വായിച്ചു,  നിറപറയെഴുന്നെള്ളത്തു തുടങ്ങി.ദേശാതിര്‍ത്തിയിലെ സമുദായക്കാരുടെ ക്ഷേത്രപ്പറകള്‍ എടുത്ത് ഈടു വെടിക്കു ശേഷം പ്രധാന എഴുന്നെള്ളത്ത് ആരംഭിച്ചു. കലാമണ്ഡലം പരമേശ്വര മാരാരുടെ നേത്രുത്വത്തിലായിരുന്നു പഞ്ചവാദ്യം . അലങ്കരിച്ച ദേവിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടു കാവു രാമചന്ദ്രന്ടെ നേത്രുത്വത്തില്‍ നടന്ന എഴുന്നെള്ളത്തു ആനപ്പന്തലില്‍ അണിനിരന്നു.                  

വല്ലങ്ങി ദേശത്തിന്ടെ ആഘോഷങ്ങള്‍ ഗണപതി ഹോമത്തോടെ തുടങ്ങി. ഈടുവെടിക്കുശേഷം കുട്ടപ്പന്‍ മാരാരുടെ നേത്രുത്വത്തില്‍ പഞ്ചാവാദ്യത്തോടെ  തിരുവമ്പാടി ശിവസുന്ദര്‍ തിടമ്പേറ്റി.ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച എഴുന്നെള്ളത്ത് ആനപ്പന്തലില്‍ അണി നിരന്നു….
തുടര്‍ന്നു കുടമാറ്റം പിന്നെ വെടിക്കെട്ട് .അതിന്‍റ്റെ ശബ്ദമാണു റോഡരികില്‍ നിന്നും ഞങ്ങള്‍ ആസ്വദിച്ചത്.
 കുറച്ചുനേരം കനാലരികത്തും പിന്നെ പാട വരമ്പത്തും നടന്നു.ഇതിനിടയില്‍ വഴിയില്‍ നഷ്ടപ്പെട്ട സ്റ്റോര്‍ രാജേഷേട്ടനെ കണ്ടുകിട്ടി, പക്ഷെ  അപ്പോഴും ഒരാള്‍ ഇല്ല. ഒന്നു വിളിച്ചു നോക്കാമെന്നു വെച്ചാല്‍ മൊബൈല്‍ കമ്പ്ലീറ്റ് ജാം . നിരാശപ്പെടാതെ ശ്രമിച്ചു കൊണ്ടിരുന്നപ്പൊള്‍ കിട്ടി.....
വെറുതെ ഒരു രസത്തിനു ഒരു പൂക്കാരി അമ്മയുടെ കയ്യില്‍ നിന്നും മുല്ലമാല വാങ്ങിച്ചു, . ഹ്രിദ്യമായ പരിമളം പരത്തി അതു എന്ടെ കൂടെ നടന്നു…
പിന്നെ ഞങ്ങള്‍ ഭക്ഷണം കഴിക്കാനിറങ്ങി .സഹിക്കാനാകാത്ത വിശപ്പുകാരണം പാതി വെന്ത ബിരിയാണിയും കഴിച്ചു പിന്നെയും കാത്തിരുപ്പ്, ഞാനാകെ മുഷിഞ്ഞു, ആകപ്പാടെ ഒരു ഇഷ്ടക്കേട് ,
തിരിച്ച് പാടത്തേക്ക് "Z" category protection നോടെ !      ഉഴുതിട്ട് പരുക്കനായ പാടത്ത് പത്രം വിരിച്ച് ഉണങ്ങിയ മണ്‍കട്ട് തലയിണയാക്കി ഞാന്‍ നടുവിലും മറ്റുള്ളവര്‍ ചുറ്റിലുമായി കിടന്നു കാവല്‍നില്‍ക്കാന്‍ പാടവരമ്പില്‍ കരിമ്പനകള്‍ , ഉള്ളിലെ വേവു മാറ്റാന്‍ തണുത്ത കാറ്റ് , മേലെ ആകാശം , താഴെ ഭൂമി....... ഞാന്‍ ഒരു സ്ത്രീയാണെന്ന് അറിയാതിരിക്കാനായി ഞാന്‍ ഒരു കൈലിയിലേക്കു ചുരുണ്ടുകൂടി.


 പതുക്കെ എല്ലാവരും മയക്കത്തിലേക്കു വീണു,  കൊയ്ത്ത് കഴിഞ്ഞ പാടത്തു സുഖമായി ഉറക്കം . ആളൊഴിഞ്ഞൊരു വശത്തായിരുന്നു ഞങ്ങള്‍ കിടന്നത് . 2 മണിയായിക്കാണും  ഉണര്‍ന്നപ്പോള്‍ , അപ്പോള്‍ ചുറ്റിലും നിറയെ ആള്‍ക്കാര്‍ കിടക്കുന്നുണ്ടായിരുന്നു.......
   ഹെല്‍മെറ്റ് വെച്ച് ഉറങ്ങിയ ജിണ്‍സണ്‍ സാര്‍ എല്ലാവര്‍ക്കും കൗതുക കാഴ്ച്ചയായിരുന്നു; അതുകണ്ട് ചിരിക്കാതെയും കമെണ്ട് പറയാതെയും ആരും കടന്നു പോയിക്കാണില്ല , രണ്ടു ദേശക്കാരുടെയും വെടിക്കെട്ട് സാമാഗ്രികളുടെ ഇടയിലായിരുന്നു ഞങ്ങള്‍ കിടന്നിരുന്നത് ,

പതുക്കെ എഴുന്നേറ്റു സുരക്ഷിത സ്ഥാനം നോക്കിനടന്നു തുടങ്ങി
പാടത്തിന്‍ കരയില്‍ ഒരു വീടുണ്ടായിരുന്നു 'ശൂ' വെക്കാന്‍ അങ്ങോട്ടുകയറി . പിന്നെ  മനസ്സിലായി ആ മുറ്റത്തുനിന്നാല്‍ സ്വസ്ഥ്മായി കാണാന്‍ പറ്റും എന്ന് , അവിടെ ഒരു പാടു സ്ത്രീകളും കുട്ടികളും നാട്ടുകാരും ഒക്കെയുണ്ട് , അവിടെ അര മതിലില്‍ കയറി ഇരിപ്പായി ...
3 മണിയായിക്കാണും വല്ലങ്ങിയുടെ വെടിക്കെട്ട് തുടങ്ങിയപ്പോള്‍ ആകാശത്ത് ആയിരം വര്‍ണ്ണമുതിര്‍ത്തുകൊണ്ട് കൂറ്റന്‍ പൂക്കളങ്ങള്‍........
തീരാറായപ്പോള്‍ ഘനഗംഭീരമായ അമിട്ടുകള്‍ .. സാക്ഷാല്‍ ഡൈനാമിറ്റുകള്‍!!  ചെവിക്കകത്തു എന്തോ മുഴക്കം പോലെ....? കൊള്ളാം .
ഇനി നെന്മാറയ്ക്കുവേണ്ടി കാത്തിരിപ്പ് ........
നിമിഷങ്ങള്‍  കടന്നുപോയിക്കൊണ്ടിരുന്നു 3.45 കഴിഞ്ഞുകാണും ..... അതാ അങ്ങുദൂരെ സിഗ്നല്‍ .... വലിയൊരു പൂത്തിരി ...........പിന്നെ പതുക്കെ ആയിരം ദീപങ്ങളില്‍ തെളിഞ്ഞു "നെന്മാറ"  പതുക്കെ പൊട്ടിത്തുടങ്ങുകയാണു പിന്നെ പിന്നെ മുഴക്കവും വെളിച്ചവും കൂടിവന്നു ; ചുറ്റിലുമുള്ളവര്‍ പതുക്കെ പിന്തിരിഞ്ഞോടാന്‍ തുടങ്ങി....... ഇതു മുഴക്കങ്ങള്‍ അല്ല ..... ഭൂകമ്പമൊ....... ബോംബുസ്ഫോടനമോ........
ചൂടും വെളിച്ചവും ശരീരത്തിലേക്കും പടരുന്ന പോലെ ശബ്ദപ്രകമ്പനങ്ങളെ വെള്ളത്തിലെന്ന പോലെ  തൊട്ടറിയാം ...... ആ വീട്ടിലെ ഓടിട്ട തൊഴുത്തിനു കീഴെ നിന്നപ്പൊ ആരൊക്കയൊ പറഞ്ഞു 'മാറി നില്ക്കാന്‍ ഓടുകള്‍ താഴെ വീഴാം ' .......

പാടത്തുനിന്നു പറന്നു പൊങ്ങുന്ന തീഗോളങ്ങള്‍ ആകാശത്ത് തീക്കുടകള്‍ പോലെ , വിടരുന്ന ശബ്ദമോ പറഞ്ഞറിയിക്കാനാകാത്തത് , ആ വലിയ വീടുപോലും  കിടുങ്ങുന്ന പോലെ ....
ഹതു തീര്‍ന്നപ്പോഴോ മുഴക്കങ്ങളൊന്നുമല്ല  പറഞ്ഞറിയിക്കാനാവാത്ത എന്തോ അനുഭൂതി.... വല്ലാത്ത ശാന്തത പെട്ടന്ന് എങ്ങോട്ടോ പോയി പെട്ടന്ന് ഈ ഭൂമിയില്‍ തിരിച്ച് എത്തിയ പോലെ . അതെ , ഒരിക്കലെങ്കിലും , ഒരൊറ്റത്തവണയെങ്കിലും ഇതു കണ്ടിരിക്കണം .
ഇത്ര ഗംഭീരമായ സംഭവങ്ങളൊ കോടതി ഇടപെട്ടു നിര്‍ത്തി വെപ്പിക്കുന്നത്! കുറ്റം പറയാന്‍ പറ്റില്ല കേട്ടൊ, താങ്ങാന്‍ ത്രാണിയില്ലത്തവര്‍ ചത്തു പോകും  .

എന്റെ മുഷിപ്പും വിഷമവുമൊക്കെ എങ്ങോ പോയി, നിറഞ്ഞ സന്തോഷം മാത്രം

നേരം പുലര്‍ന്നുതുടങ്ങിയിരുന്നു . ജനങ്ങള്‍ തിരികെയാത്ര ആരംഭിച്ചു കഴിഞ്ഞു . ഉറുമ്പുകള്‍ നീങ്ങുന്നതു പോലെ ആള്‍ക്കൂട്ടം നീങ്ങുന്നതു കാണാം . പതുക്കെ ഞങ്ങളും ..... തിരികെവരുമ്പോള്‍ കണ്ടു നെന്മാറയുടെ ആനപ്പന്തലില്‍ ചോദ്യം ചെയ്യാനാവാത്ത തലയെടുപ്പോടെ തെച്ചിക്കോട്ടുകാവു രാമചന്ദ്രന്‍ ......
ഹായ് എന്തു ഭംഗിയാണു കാണാന്‍ ആ തലയെടുപ്പും ചന്തവും . അവനൊ , ഒരല്പ്പം അഹങ്കാരത്തോടെ മസ്തകം ഉയര്‍ത്തി ഗംഭീരനായി നില്‍ക്കുന്നു.
തിരക്കിനിടയ്ക്കു ഒത്തിരി നില്ക്കാന്‍ കഴിയില്ലല്ലൊ . കൂട്ടുകാരുടെ തികഞ്ഞ സംരക്ഷണത്തിനു നടുവില്‍ ഞാന്‍ ........
പിന്നെ ഞങ്ങള്‍ ജിന്‍സണ്‍ സാറിന്‍റ്റേ വീട്ടിലേയ്ക്ക്........
ചുടുചായയും കുടിച്ച് പോള്‍ ജോയ്ക്കും , അന്ന റോസിനുമൊപ്പം പടം വര........
കുളി,   ഭക്ഷണം .....

ഭക്ഷണം അതിഗംഭീരമായിരുന്നു , നല്ല രുചി ! "പിടി," ചിക്കന്‍ കറി, പോര്‍ക്ക് , ബീഫ് , ചമ്മന്തി , അപ്പം , കപ്പ ... അടിപൊളി........



പിന്നെ മംഗലം ഡാം - വെയിലുകാരണം ശരിക്കാസ്വദിക്കാന്‍ കഴിഞ്ഞില്ല ........

ആ യാത്രയും കൂടെ കഴിഞ്ഞപ്പോള്‍ ശരിക്കും തളര്‍ന്നു . ഓരോരുത്തരും വീണിടത്തുതന്നെ ഉറങ്ങീയെന്നു പറയാം
ഊണുകഴിഞ്ഞ് മടക്കയാത്ര , സുമിത്രേട്ടന്‍റ്റേ വീട്ടില്‍ വീണ്ടുമൊരു സല്ലാപം .

നെന്മാറയെന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് +2 വിലെ രമ റ്റീച്ചറിന്‍റ്റേ മുഖമായിരുന്നു..... ബോട്ടണി പഠിപ്പിച്ച എന്‍റ്റേ പ്രീയപ്പെട്ട റ്റീച്ചറിന്‍റ്റേ മുഖം . ഇനി അതോടൊപ്പം നെന്മാറ - വല്ലങ്ങി വേലയും ഉണ്ടാകും .....
കിടിലന്‍ മുഴക്കത്തൊടെ !!!!!