മഞ്ഞിന്റെ നനുത്ത പുതപ്പൊന്നു വലിച്ചുമാറ്റി ചൂടുള്ളൊരുമ്മ കവിളത്തു
കിട്ടിയപ്പോഴാണു കുഞ്ഞു പൂവ് കണ്ണു തുറന്നത് . മേലെ പുഞ്ചിരിച്ചു കൊണ്ട് പ്രഭാത
പ്രൌഢിയോടെ സൂര്യന്‍. കുഞ്ഞു കണ്‍പീലിയില്‍ മഴവില്ലു വിരിയിച്ചുകൊണ്ട് സൂര്യന്‍
ഉദിച്ചുയര്‍ന്നു . മൂളിപ്പാട്ടൊന്നു പാടിക്കൊണ്ട് കുഞ്ഞൂ പൂവ് വിടര്‍ന്നു നിന്നു .
ആഹ്ലാദത്തോടെ അവള്‍ ചെംബ്ര മുത്തച്ചനെ വിളിച്ചുണര്‍ത്തി .
"ഏയ് , എണീക്കാറായില്ലേ , ദാ പിള്ളേരൊക്കെ എത്താറായി ......"
പ്രായമേറെ ആയെങ്കിലും ആഢ്യത്വം വിടാത്ത ചെംബ്ര മുത്തച്ചന്‍ മെല്ലെ
കണ്ണുതുറന്നു . നാട്ടിലെ ഉയരം കൂടിയ കുന്നാണു ചെംബ്ര കുന്ന് ; തൊട്ടു താഴെ
നാട്ടിന്റെ അക്ഷര ദീപമായ പാഠശാല, കിലുകിലാരവം കൂട്ടിക്കൊണ്ട് എത്തുന്ന കുട്ടികളെ
കാണാന്‍ ചെംബ്ര മുത്തച്ചനു വലിയ ഇഷ്ടമാണ്‍ . അവര്‍ വന്നു കഴിഞ്ഞല്‍ പിന്നെ എന്തു
രസമാണെന്നോ ....?
ഓളിച്ചേ കണ്ടേ , കാല്പ്പന്തു കളി , തൊട്ടുകളി , ഓലപ്പന്തു കളി.... അങ്ങനെ
എന്തെല്ലാം , എന്തെല്ലാം കളികള്‍ ...! പിന്നെ ഇടയ്ക്കിടെയുള്ള വഴക്കുകള്‍ ,
പിണക്കങ്ങള്‍.... ചെംബ്ര മുത്തച്ചനു എല്ലാം വലിയ ഇഷ്ട്ടമാണു . എല്ലാം കണ്ടും
കേട്ടും തലയാട്ടി ചിരിച്ചുകൊണ്ടു ചെംബ്ര മുത്തച്ചന്‍ ഇരിക്കും . സമയം പോകുന്നതു
അറിയാറേ ഇല്ല .
വൈകുന്നേരം ആരവങ്ങൊളൊഴിഞ്ഞാല്‍ പിന്നെ മുത്തച്ചനു മൗനമാണ് . പിന്നെ
കൂട്ട് കുഞ്ഞുപൂവ് മാത്രം . അവളുടെ കൊഞ്ചലും സന്ധ്യ കഴിയുന്നതോടെ നില്ക്കും ,
അവളും ഉറക്കമാവും .
മഞ്ഞിന്റെ പുതപ്പു വന്നു മൂടിക്കഴിയുമ്പോള്‍ ചന്ദ്രോദയത്തിന്റെ നനുത്ത
തലോടലില്‍ നക്ഷത്രങ്ങളുടെ താരാട്ടുകേട്ട് മെല്ലെ മെല്ലെ ചെംബ്ര മുത്തച്ചനും
ഉറക്കത്തിലേക്കു വഴുതി വീഴും . ഉച്ചിയിലെ മാവില്‍ കൂടുതേടുന്ന മിന്നാമിന്നിക്കൂട്ടം
ഇരുളില്‍ മറ്റൊരു വിസ്മയം തീര്‍ക്കും . വീശിയടിക്കുന്ന കാറ്റ് മുത്തച്ചനെ
ഉണര്‍ത്താതെ കടന്നു പോകും.
പിന്നെയുമൊരു പ്രഭാതം
കുന്നിന്‍ മുകളും . കുഞ്ഞുപൂവിന്റെ കുസ്രുതിയും കുട്ടികള്‍ പൂമ്പാറ്റകളാകുന്ന
താഴ്വരയുമായി ചെംബ്ര മുത്തച്ചന്റെ ദിവസം തുടങ്ങുകയായി .
ചെംബ്ര മുത്തച്ചന്, ഏറ്റവും പേടിയുള്ള ഒരു കാര്യമുണ്ട് , ഇടയ്ക്കിടയ്ക്കു ചില
കുസ്രുതിക്കുരുന്നുകള്‍ കുന്നുകേറാന്‍ വരും , ക്ലാസ്സ് കട്ടുചെയ്തൊരു
കുട്ടിക്കുറുമ്പ് . ഉച്ചിയില്‍ നിന്നു നോക്കിയാല്‍ ദൂരെ മാഹിക്കടല്‍ നീലാകാശത്തെ
മാറോടുചേര്‍ത്ത് നീണ്ടു കിടക്കുന്നു .....
നേര്‍ത്ത നൂല്‍ക്കഷണങ്ങള്‍ പോലെ കറുത്ത തോണികള്‍ പുറങ്കടലിലേയ്ക്കു നീന്തുന്നു
, ദൂരെ ദൂരെ നീങ്ങുന്ന പായ്ക്കപ്പലുകള്‍ ഉച്ചവെയിലില്‍ വെട്ടിത്തിളങ്ങുന്ന
വെള്ളിയാങ്കല്ല്, .... ; അതെ , പ്രണയികളുടെ ആത്മാക്കള്‍ തുമ്പികളായി പറക്കുന്ന
കടലിലെ വെണ്ണക്കല്‍കൊട്ടാരം , ഇതു പടിഞ്ഞാറന്‍ കാഴ്ച്ച , അങ്ങു കിഴക്കന്‍
ചക്രവാളത്തിലോ വയനാടന്‍ മലനിരകളുടെ കരിനീലക്കാഴ്ച്ച : വെള്ളിമേഘങ്ങളെ
തൊട്ടുരുമ്മിക്കൊണ്ട് അവരങ്ങനെ നില്ക്കുകയാവും , കോട്ടപോലെ ......
കുട്ടികള്‍ വന്നു കഴിഞ്ഞാല്‍ കുഞ്ഞുപൂവിനും സന്തോഷമാണ്‍ , അവരുടെ
കുഞ്ഞുകാലുകളില്‍ മുത്തം വെച്ചവള്‍ പൊട്ടിച്ചിരിക്കും , അതു കാണുമ്പോള്‍
പൂമ്പാറ്റക്കു ദേഷ്യം വരും , നിനക്കു അസൂയയാണു എന്നവള്‍ കളിയാക്കും , അവനോ ?
ദേഷ്യപ്പെട്ടു പറന്നുയരും , പക്ഷേ ഈറനണിഞ്ഞു വിടര്‍ന്നുനില്‍ക്കുന്ന അവളെക്കാണാന്‍
അവന്‍ വീണ്ടും വരും , അവരുടെ പിണക്കം കാണുമ്പോള്‍ തുമ്പയ്ക്കും തുളസ്സിയമ്മയ്ക്കും
ചിരിവരും.
 |
| കാന്തല്ലൂരിലെ ഈ മല കാണുമ്പോള്‍ ചെമ്പ്ര ക്കുന്നാണു എന്റെ ഓര്‍മ്മയില്‍ വരുന്നത് |
പിന്നെ , ചെംബ്ര മുത്തച്ചന്റെ നെറുകയില്‍ മറ്റൊരു വിശേഷം കൂടിയുണ്ട് ഒരു
കൊച്ചു ശ്രീകോവില്‍ ; ശ്രീക്രിഷ്ണന്റെ . അങ്ങനെ ഗുരുവായൂരപ്പന്റെ പ്രസാദവുമായി
ചെംബ്ര മുത്തച്ചന്‍ കാവലാണ്‍ , നാടിനു .......
പതിവില്ലാത്തൊരു മുഴക്കം കേട്ടാണു അന്ന് മുത്തച്ചന്‍ കണ്ണുതുറന്നതു ,
മഞ്ഞനിറമുള്ള ഒരു ജന്തു താഴത്തുനില്‍ക്കുന്നു , കയ്യിലും കഴുത്തിലും സ്വര്‍ണ്ണം
കെട്ടിയ വേറെ ചിലര്‍ കുമ്പവീര്‍പ്പിച്ചു നില്‍ക്കുന്നുണ്ട് . ചുറ്റിലും കുട്ടികള്‍
അത്ഭുതം നിറഞ്ഞ മിഴികളുമായി കൂടിനില്‍ക്കുന്നു , ആ കാഴ്ച്ച കാണാന്‍ കുഞ്ഞുപൂവും
ഏന്തി വലിഞ്ഞു നോക്കി . എന്താണതെന്ന് അറിഞ്ഞുവരാന്‍ പൂമ്പാറ്റയെ
പറഞ്ഞുവിട്ടു.
 പെട്ടന്നാണതു സംഭവിച്ചത് , ഉച്ചത്തില്‍ ഗര്‍ജ്ജിച്ചുകൊണ്ട് ആ ജന്തു മുത്തച്ചനു നേരെ പാഞ്ഞടുത്തു . കൂര്‍ത്തുവളഞ്ഞ ദംഷ്ട്രകള്‍ മുത്തച്ചന്റെ
പള്ളയിലേക്കു ആഴ്ന്നിറങ്ങി . വേദനകൊണ്ട് മുത്തച്ചന്‍ അലറിവിളിച്ചു ,
പ്രേതമാവേശിച്ചതു പോലെ ദേഹം ഉറഞ്ഞുതുള്ളി . മണ്ണും പാറയും ഉരുണ്ടു വീഴാന്‍ തുടങ്ങി
, എന്തു സംഭവിക്കുന്നുവെന്നറിയാതെ കുഞ്ഞു പൂവ് പേടിച്ചുവിറച്ചു , അതിശക്തമായ
കുലുക്കങ്ങളില്‍ തുമ്പയും തുളസിയമ്മയും വേരോടെ പിഴുതെറിയപ്പെട്ടു , കോവിലിലെ ദേവന്‍
നിസ്സഹായനായി വിതുമ്പി......
വേരിളകിയ കുഞ്ഞുപൂവിനെ ഒരു ഇളംകാറ്റ് കയ്യിലെടുത്തു . എങ്ങോട്ടെന്നില്ലത്ത
യാത്രയ്ക്കിടയില്‍ ഒരു കരിങ്കല്ലിനിടയില്‍ ചിറകു കുടുങ്ങിയ പൂമ്പാറ്റയെ അവള്‍ കണ്ടു
, അവള്‍ വേദനയോടെ തേങ്ങി , ഒടുവില്‍ വെയിലുറഞ്ഞ ഒരു കരിമ്പാറയില്‍ അവള്‍ തളര്‍ന്നു
വീണു , വാടിക്കരിഞ്ഞു അവശയായ അവള്‍ ആ കാഴ്ച്ച കണ്ടു ചെംബ്ര മുത്തച്ചന്‍ അതാ ചെറിയ
ചെറിയ മണ്‍കൂനകളായി വലിയ ലോറികളില്‍ എങ്ങോട്ടെന്നില്ലാതെ
ചീറിപ്പാഞ്ഞുകൊണ്ടിരിക്കുന്നു ......
അതു കണ്ടു നില്‍ക്കാനാവാതെ കുഞ്ഞുപൂവ് കണ്ണടച്ചു,
എന്നേക്കുമായി......
സമര്‍പ്പണം : പുതിയ തലമുറയ്ക്ക് അന്ന്യമായിപ്പോയ വടകര -
ഓര്‍ക്കാട്ടേരിയിലെ
ചെമ്പ്രക്കുന്നിന്.
ചിത്രങ്ങള്‍ : അനിലേട്ടന്‍
|
മഞ്ഞനിറമുള്ള ജന്തു തട്ടിയെടുത്ത ചെമ്പ്രമുത്തച്ഛന്മാരെത്ര?ചെമ്പ്രയില്‍ നിന്നുള്ള വെള്ളിയാങ്കല്ലിന്റെ കാഴ്ച മനസ്സില്‍ നിറഞ്ഞു..
ReplyDeleteപോസ്റ്റിനു ലേബല്‍ കൊടുക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.കമന്റിനുമുന്‍പ് ഒരു പരീക്ഷണം വേണോ?
please avoid verification
രണ്ടാമത്തെ കഥയും ഉത്ഭവിച്ചത് പ്രകൃതിയെ ആധാരമാക്കിയാണ് എന്നത് അത്ഭുതപ്പെടുത്തുന്നു. 'ചെമ്പ്ര' എന്നത് ആവര്‍ത്തിച്ച് പറയുന്നത് വായന സുഖം കുറക്കുന്നുണ്ട് എങ്കിലും അവതരണശൈലി നന്നായിട്ടുണ്ട്..
ReplyDeleteസ്നേഹിതാ , ഒരു തുടക്കക്കാരി എന്ന നിലക്കു പരാധീനതകള്‍ ഒരു പാട് ഉണ്ട് , തിരുത്താം , അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു
Delete