മണ്‍സൂണ്‍.............
പേരുകേള്‍ക്കുമ്പോള്‍ തന്നെ മനസ്സാകെ നനഞ്ഞു കുതിരുന്ന മഴക്കാലം ....
മഴ കൈപിടിച്ചു കൂട്ടിക്കൊണ്ട് പോകുന്നതു ആ പഴയ കുട്ടിക്കാലത്തിലേക്ക് തന്നെ ,
മൂത്തമ്മയുടെ മടിയിലിരുന്നു സന്ധ്യവിളക്കിന്‍ടെ മഞ്ഞവെളിച്ചത്തില്‍ ആസ്വദിച്ച മഴ ......
ഓട്ടുപുറത്തുനിന്ന് ആര്‍ത്തലച്ച് മുറ്റത്ത് നിരത്തിവെച്ച ചെമ്പു പാത്രങ്ങളില്‍ പെരുമ്പറ കൊട്ടി, തൊടിയിലെ ചെമ്പില പ്പുറത്തും , വാഴക്കയ്യിലും താളം പിടിക്കുന്ന മഴ......
മഴപെയ്തു തോര്‍ന്ന സന്ധ്യയില്‍ മണ്‍പുതപ്പിനടിയില്‍ നിന്നു മാനത്തെയ്ക്കൊരു പൂക്കുറ്റി പോലെ പറന്നുയരുന്ന മഴപ്പാറ്റകളുടെ ചിറകടി....ഒന്നുകില്‍ ആളിക്കത്തുന്ന ജ്വാലയിലവര്‍ എരിഞ്ഞു തീരുന്നു ..... പ്രഭാതത്തില്‍ ചിറകില്ലാത്ത പുഴുക്കളായി അവര്‍ ഓടിനടക്കുനു .....മുറ്റത്തു പറന്നു കിടക്കുന്ന ചിറകുകളും , പുഴുക്കളുമായി ഉറുമ്പുകള്‍ അടുത്ത മഴക്കാലത്തേക്കു സമ്പാദ്യമൊരുക്കുന്നു ......
വെള്ളം നിറഞ്ഞു ഒരു കടല്‍ പോലെ ആയ തെങ്ങിന്‍ തോപ്പില്‍ പുളഞ്ഞാര്‍ക്കുന്ന നീര്‍ക്കോലികള്‍ ....
കണ്ണടച്ച് വെള്ളത്തിലൂടെ നടന്നു നടന്നു തൈക്കുഴിയില്‍ "ബ്ലും" ന്ന് വീഴുന്നത് അന്നത്തെ ഇഷ്ടവിനോദം , ചെവി പൊന്നാവുമെങ്കിലും മഴ പിന്നെയും കൊതിപ്പിച്ചു കൊണ്ടേയിരുന്നു....
ഒരുപാടു വളര്‍ന്ന ശേഷം , ഓര്‍മ്മചെപ്പിലൊരു മഴത്തുള്ളി മുത്തായി ദാ, തട്ടേക്കാട്ടിലൊരു മഴക്കാലം ......
1983 ലാണു ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ എന്നറിയപ്പെടുന്നന്‍ ഡോ.സലിം അലി യുടെ പേരില്‍ ഈ പ്രദേശം പക്ഷിസങ്കേതമായി സംരക്ഷിക്കപ്പെടാന്‍ തുടങ്ങിയത് . നിത്യഹരിത നീര്‍ത്തട വനപ്രദേശമായ ഈ സങ്കേതം വെറും 25 ച. കി. മീ. മാത്രമെ വിസ്ത്രുതിയുള്ളൂവെങ്കിലും 200 ലധികം പക്ഷിവൈവിധ്യവുമായി സമ്പന്ന മായ ഈ പ്രദേശം താരതമ്മ്യപ്പെടുത്താവുന്നത് കിഴക്കന്‍ ഹിമാലയ മേഖലകളോടു മാത്രമത്രെ!
തട്ടേക്കാടു സങ്കേതത്തിലൊരു മഹര്‍ഷിയുണ്ട്, ഇവിടെ മാത്രം കാണുന്ന 'തവളമൂക്കന്‍' എന്ന ചെറിയ പക്ഷി, അവനെ കാണാനായിരുന്നു ഞങ്ങളുടെ യാത്ര.
ഞങ്ങള്‍ ; ഏട്ടന്‍ , അനിലേട്ടന്‍, ഗാര്‍ഡ്....
അതിരാവിലെ യാത്ര തുടങ്ങി; മഴയില്ല , അമ്പലക്കുളത്തില്‍ കുളിച്ചു തൊഴുതു മടങ്ങുന്ന സുന്ദരിയെപ്പൊലെ പ്രഭാതം .... ഈറന്‍ മുടിത്തുമ്പില്‍ നിന്നിറ്റുവീഴുന്ന നീര്‍ത്തുള്ളികള്‍ – ചെറുമഴത്തുള്ളികള്
ചെറിയ കമ്പിവേലി നൂഴ്ന്നു കടന്ന് കാട്ടിലേക്ക് നീളുന്ന ഒറ്റയടിപ്പാത, പച്ച പുതച്ച വഴികളില്‍ ആര്‍ദ്രതയുടെ കമ്പളം.
മുന്നില്‍ നടക്കുന്ന ഗാര്‍ഡ്, കാലില്‍ കയറുന്ന അട്ടകളെ പതുക്കെ എടുത്തു കളയുന്നുണ്ട്, അതിനെ പേടിച്ചല്ലെ ഞാന്‍ ജീന്‍സ്സിനുള്ളില്‍ കയറിയത്?
എന്തിനാ ജീന്‍സ്സിട്ടത് ? അട്ടകയറിയാല്‍ അറിയില്ല ഷൂസ്സിനു പകരം ചെരുപ്പായിരുന്നില്ലെ നല്ല ത്? സാര്‍ ചോദിച്ചു,
"ഠും"
തീര്‍ന്നു എന്‍റ്റെ ധൈര്യം.
ഏട്ടന്‍റ്റെ നോട്ടം ശബ്ദിക്കാതിരിക്കുവാന്‍ എന്നെ ഓര്‍മ്മിപ്പിച്ചു സോക്സ്സിനകത്തേക്കു ജീന്‍സ്സിന്റെ അടിവശം ഇറക്കിയിട്ടു; പോക്കറ്റില്‍ പേസ്റ്റ് ഇരിപ്പുണ്ട്. ധൈര്യമായിത്തന്നെ മുന്നോട്ട്.....
അല്പ്പം കഴിഞ്ഞില്ല ദാ മഴ....
പതുക്കെ പതുക്കെ ചാറി.... പിന്നെ തകര്‍ത്തു പെയ്യാന്‍ തുടങ്ങി.......
ആകാശം മുട്ടുന്ന മാമരങ്ങള്‍ പച്ചക്കുട പിടിച്ചുവെങ്കിലും കോരിച്ചൊരിയുന്ന മഴ തടയാനതു പോരായിരുന്നു,
കാട്ടിനകത്തെ മഴ............
കുളിരും, നനവും, പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി.....
കുട്ടിക്കാലത്ത് നിറഞ്ഞ മഴയത്ത് ആര്‍ത്തുതിമിര്‍ക്കുന്ന സന്തോഷം.....
100 മീറ്റര്‍ അപ്പുറത്ത് വാച്ച് ടവറുണ്ട്, വേഗം നടന്നു.
മൂന്നു നിലകളുള്ള വാച്ച് ടവര്‍
മുകളില്‍ ഒന്നു രണ്ടു മുറികളുണ്ട്..
എല്ലാവരും ചാടിക്കയറി അട്ടയെ പറിച്ചു കളയുന്ന തിരക്കിലാണ്; ഷൂസ്സിനു മുകളില്‍ കേറിയതല്ലാതെ എനിക്കു കടിയൊന്നും കിട്ടിയില്ല, ടൂത്ത്പേസ്റ്റാവാം കാരണം.
ടവറിനു താഴെ ചെറിയൊരു നീര്‍ച്ചോലയുണ്ട്, ചെറിയൊരു ചെക്ക്ഡാമും ,
മഴ കുറഞ്ഞപ്പോള്‍ വീണ്ടും നടന്നു ,
'ഓവുകല്‍ ' എന്ന സ്ഥലത്തേക്കാണു യാത്ര വനത്തിനകത്തെ സ്‌ഥലപ്പേരാണ്. അവിടെനിന്നൊരു പുരാതനക്ഷേത്രത്തിന്റെ ശിലയില്‍ തീര്‍ത്ത ഒരു ഓവു കിട്ടിയിരുന്നത്രെ.
മഴ കുറഞ്ഞിരിക്കുന്നു, കിളികളുടെ സമ്ഗീതത്തിനു ഇലച്ചാര്‍ത്തുകളില്‍ താളം പിടിക്കുന്ന മഴ...
ഞങ്ങള്‍ അവന്റെ സങ്കേതത്തിനടുത്ത് എത്താറായിരിക്കുന്നു....
എന്റെ ഷാളില്‍ ഉടക്കിയ മുടിച്ചുരുള്‍ ഞാന്‍ എടുത്തു കളഞ്ഞു ...
ഈ വനത്തിനുള്ളില്‍ എവിടെ നിന്നാണു ഇത്ര നീളത്തില്‍ മുടിയിഴകള്‍ ?
ഞാന്‍ ചിന്തിക്കാതിരുന്നില്ല , ഞങ്ങള്‍ ഒരു കൊച്ചു മരത്തിന്‍ ചുവട്ടില്‍ എത്തി,
നോക്കൂ ആ മരത്തിന്റെ ഇലതുമ്പുകളില്‍ നിന്നും നീണ്ട മുടിയിഴകള്‍ തൂങ്ങിക്കിടക്കുന്നു, എട്ടുകാലി വലയും ഉണക്കിലകളും അതില്‍ കുരുങ്ങി ഒരു കൂടാരം പോലെ ഇരിക്കുന്നു , അവയിലെ മഴത്തുള്ളികള്‍ വെയിലേറ്റ് തിളങ്ങുക കൂടി ചെയ്യുമ്പോള്‍ മുത്തുപതിച്ചൊരു മൂടുപടം ഇട്ടതു പോലെ ഉണ്ട് ,
ആ രത്ന കമ്പളത്തിനകത്തു ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ ഇരിക്കുകയാണു രണ്ടു കിളികള്; തവിട്ട് നിറത്തില്‍ ആണ്കിളിയും അല്പം കൂടെ ഇരുണ്ട നിറത്തില്‍ പെണ്‍ കിളിയും...
തുടരെ തുടരെ ഫ്ലാഷ് ലൈറ്റ് മിന്നിയപ്പോള്‍ ഒന്നു ഇളകിയിരുന്നതല്ലാതെ യാതൊരു ചലനവും അവയ്ക്കില്ല, സത്യം പറഞ്ഞാല്‍ സ്റ്റഫ് ചെയ്തു വെച്ച പോലെയുണ്ട്, ഞങ്ങള്‍ സംശയിക്കാതെയിരുന്നില്ല, കാരണം കുറേ ദൂരം നടന്നു ക്രിത്യമായൊരു സ്‌ഥലത്തെ മരത്തിന്‍ ചുവട്ടിലെത്തി ദാ, ഇരിക്കുന്നു 'തവളമൂക്കന്‍ ' എന്നു പറഞ്ഞാല്‍ പിന്നെ ആരാണു സംശയിക്കാത്ത്!
അപ്പോളാണു ഗാര്‍ഡ് പറഞ്ഞത് "രാത്രി സഞ്ചാരികളായ ഇവര്‍ ഈ മരത്തിലേ ഇരിക്കൂ, മടുക്ക എന്നാണീ മരത്തിന്റെ പേര്, ഈ പ്രദേശത്തെ വനങ്ങളിലാണു ഈ മരങ്ങള്‍ ധാരാളമായി കാണപ്പെടുന്നത്, ഇതിലെ നീണ്ട നാരുകള്‍ ഉണങ്ങിയ ഇലകളെ താഴെ വീഴാതെ പിടിച്ചു നിര്‍ത്തുന്നു, അങ്ങനെ സ്വാഭാവികമായി ഉണ്ടായ ഒരു മറക്കകത്താണു അവര്‍ എപ്പോഴും ഇരിക്കുന്നതും, കൂടൊരുക്കുന്നതും " ആ പര്‍ണശാലയിലിരിക്കുന്നവരെ "താപസര്‍ " എന്നല്ലാതെ എന്തു വിളിക്കണം!
അനിലേട്ടന്‍ ഫോട്ടോ എടുത്തു കഴിഞ്ഞപ്പോഴെക്കും മഴ വീണ്ടും പെയ്തു തുടങ്ങി, വേഗം കാമറ ബാഗിലെടുത്തു വെച്ച് ഞങ്ങള്‍ തിരിച്ചു നടന്നു അപൂര്‍വ്വമായ ഒരു പക്ഷിയെ കാണാനായ സന്തോഷത്തോടെ, വിലക്കുകളില്ലാതെ മഴ നനഞ്ഞ നിര്‍വ്രുതിയോടെ.....
pineedu enthupatti? ezhuthonnum kanunnilla.
ReplyDelete