Friday, 10 August 2012

ചെമ്പ്രമുത്തച്ചന്‍

മഞ്ഞിന്റെ നനുത്ത പുതപ്പൊന്നു വലിച്ചുമാറ്റി ചൂടുള്ളൊരുമ്മ കവിളത്തു കിട്ടിയപ്പോഴാണു കുഞ്ഞു പൂവ് കണ്ണു തുറന്നത് . മേലെ പുഞ്ചിരിച്ചു കൊണ്ട് പ്രഭാത പ്രൌഢിയോടെ സൂര്യന്‍. കുഞ്ഞു കണ്‍പീലിയില്‍ മഴവില്ലു വിരിയിച്ചുകൊണ്ട്‌ സൂര്യന്‍ ഉദിച്ചുയര്‍ന്നു . മൂളിപ്പാട്ടൊന്നു പാടിക്കൊണ്ട്‌ കുഞ്ഞൂ പൂവ് വിടര്‍ന്നു നിന്നു . ആഹ്ലാദത്തോടെ അവള്‍ ചെംബ്ര മുത്തച്ചനെ വിളിച്ചുണര്‍ത്തി .
"ഏയ് , എണീക്കാറായില്ലേ , ദാ പിള്ളേരൊക്കെ എത്താറായി ......"
പ്രായമേറെ ആയെങ്കിലും ആഢ്യത്വം വിടാത്ത ചെംബ്ര മുത്തച്ചന്‍ മെല്ലെ കണ്ണുതുറന്നു . നാട്ടിലെ ഉയരം കൂടിയ കുന്നാണു ചെംബ്ര കുന്ന് ; തൊട്ടു താഴെ നാട്ടിന്റെ അക്ഷര ദീപമായ പാഠശാല, കിലുകിലാരവം കൂട്ടിക്കൊണ്ട്‌ എത്തുന്ന കുട്ടികളെ കാണാന്‍ ചെംബ്ര മുത്തച്ചനു വലിയ ഇഷ്ടമാണ്‍ . അവര്‍ വന്നു കഴിഞ്ഞല്‍ പിന്നെ എന്തു രസമാണെന്നോ ....?
ഓളിച്ചേ കണ്ടേ , കാല്പ്പന്തു കളി , തൊട്ടുകളി , ഓലപ്പന്തു കളി.... അങ്ങനെ എന്തെല്ലാം , എന്തെല്ലാം കളികള്‍ ...! പിന്നെ ഇടയ്ക്കിടെയുള്ള വഴക്കുകള്‍ , പിണക്കങ്ങള്‍.... ചെംബ്ര മുത്തച്ചനു എല്ലാം വലിയ ഇഷ്ട്ടമാണു . എല്ലാം കണ്ടും കേട്ടും തലയാട്ടി ചിരിച്ചുകൊണ്ടു ചെംബ്ര മുത്തച്ചന്‍ ഇരിക്കും . സമയം പോകുന്നതു അറിയാറേ ഇല്ല .

വൈകുന്നേരം ആരവങ്ങൊളൊഴിഞ്ഞാല്‍ പിന്നെ മുത്തച്ചനു മൗനമാണ്‌ . പിന്നെ കൂട്ട് കുഞ്ഞുപൂവ് മാത്രം . അവളുടെ കൊഞ്ചലും സന്ധ്യ കഴിയുന്നതോടെ നില്ക്കും , അവളും ഉറക്കമാവും .

മഞ്ഞിന്റെ പുതപ്പു വന്നു മൂടിക്കഴിയുമ്പോള്‍ ചന്ദ്രോദയത്തിന്റെ നനുത്ത തലോടലില്‍ നക്ഷത്രങ്ങളുടെ താരാട്ടുകേട്ട് മെല്ലെ മെല്ലെ ചെംബ്ര മുത്തച്ചനും ഉറക്കത്തിലേക്കു വഴുതി വീഴും . ഉച്ചിയിലെ മാവില്‍ കൂടുതേടുന്ന മിന്നാമിന്നിക്കൂട്ടം ഇരുളില്‍ മറ്റൊരു വിസ്മയം തീര്‍ക്കും . വീശിയടിക്കുന്ന കാറ്റ് മുത്തച്ചനെ ഉണര്‍ത്താതെ കടന്നു പോകും.
പിന്നെയുമൊരു പ്രഭാതം
കുന്നിന്‍ മുകളും . കുഞ്ഞുപൂവിന്റെ കുസ്രുതിയും കുട്ടികള്‍ പൂമ്പാറ്റകളാകുന്ന താഴ്വരയുമായി ചെംബ്ര മുത്തച്ചന്റെ ദിവസം തുടങ്ങുകയായി .
ചെംബ്ര മുത്തച്ചന്, ഏറ്റവും പേടിയുള്ള ഒരു കാര്യമുണ്ട് , ഇടയ്ക്കിടയ്ക്കു ചില കുസ്രുതിക്കുരുന്നുകള്‍ കുന്നുകേറാന്‍ വരും , ക്ലാസ്സ് കട്ടുചെയ്തൊരു കുട്ടിക്കുറുമ്പ് . ഉച്ചിയില്‍ നിന്നു നോക്കിയാല്‍ ദൂരെ മാഹിക്കടല്‍ നീലാകാശത്തെ മാറോടുചേര്‍ത്ത് നീണ്ടു കിടക്കുന്നു .....
നേര്‍ത്ത നൂല്‍ക്കഷണങ്ങള്‍ പോലെ കറുത്ത തോണികള്‍ പുറങ്കടലിലേയ്ക്കു നീന്തുന്നു , ദൂരെ ദൂരെ നീങ്ങുന്ന പായ്ക്കപ്പലുകള്‍ ഉച്ചവെയിലില്‍ വെട്ടിത്തിളങ്ങുന്ന വെള്ളിയാങ്കല്ല്, .... ; അതെ , പ്രണയികളുടെ ആത്മാക്കള്‍ തുമ്പികളായി പറക്കുന്ന കടലിലെ വെണ്ണക്കല്‍കൊട്ടാരം , ഇതു പടിഞ്ഞാറന്‍ കാഴ്ച്ച , അങ്ങു കിഴക്കന്‍ ചക്രവാളത്തിലോ വയനാടന്‍ മലനിരകളുടെ കരിനീലക്കാഴ്ച്ച : വെള്ളിമേഘങ്ങളെ തൊട്ടുരുമ്മിക്കൊണ്ട് അവരങ്ങനെ നില്ക്കുകയാവും , കോട്ടപോലെ ......
കുട്ടികള്‍ വന്നു കഴിഞ്ഞാല്‍ കുഞ്ഞുപൂവിനും സന്തോഷമാണ്‍ , അവരുടെ കുഞ്ഞുകാലുകളില്‍ മുത്തം വെച്ചവള്‍ പൊട്ടിച്ചിരിക്കും , അതു കാണുമ്പോള്‍ പൂമ്പാറ്റക്കു ദേഷ്യം വരും , നിനക്കു അസൂയയാണു എന്നവള്‍ കളിയാക്കും , അവനോ ? ദേഷ്യപ്പെട്ടു പറന്നുയരും , പക്ഷേ ഈറനണിഞ്ഞു വിടര്‍ന്നുനില്‍ക്കുന്ന അവളെക്കാണാന്‍ അവന്‍ വീണ്ടും വരും , അവരുടെ പിണക്കം കാണുമ്പോള്‍ തുമ്പയ്ക്കും തുളസ്സിയമ്മയ്ക്കും ചിരിവരും.
കാന്തല്ലൂരിലെ ഈ മല കാണുമ്പോള്‍ ചെമ്പ്ര ക്കുന്നാണു എന്റെ ഓര്‍മ്മയില്‍ വരുന്നത് 
പിന്നെ , ചെംബ്ര മുത്തച്ചന്റെ നെറുകയില്‍ മറ്റൊരു വിശേഷം കൂടിയുണ്ട് ഒരു കൊച്ചു ശ്രീകോവില്‍ ; ശ്രീക്രിഷ്ണന്റെ . അങ്ങനെ ഗുരുവായൂരപ്പന്റെ പ്രസാദവുമായി ചെംബ്ര മുത്തച്ചന്‍ കാവലാണ്‍ , നാടിനു .......
പതിവില്ലാത്തൊരു മുഴക്കം കേട്ടാണു അന്ന് മുത്തച്ചന്‍ കണ്ണുതുറന്നതു , മഞ്ഞനിറമുള്ള ഒരു ജന്തു താഴത്തുനില്‍ക്കുന്നു , കയ്യിലും കഴുത്തിലും സ്വര്‍ണ്ണം കെട്ടിയ വേറെ ചിലര്‍ കുമ്പവീര്‍പ്പിച്ചു നില്‍ക്കുന്നുണ്ട് . ചുറ്റിലും കുട്ടികള്‍ അത്ഭുതം നിറഞ്ഞ മിഴികളുമായി കൂടിനില്‍ക്കുന്നു , ആ കാഴ്ച്ച കാണാന്‍ കുഞ്ഞുപൂവും ഏന്തി വലിഞ്ഞു നോക്കി . എന്താണതെന്ന് അറിഞ്ഞുവരാന്‍ പൂമ്പാറ്റയെ പറഞ്ഞുവിട്ടു.
പെട്ടന്നാണതു സംഭവിച്ചത് , ഉച്ചത്തില്‍ ഗര്‍ജ്ജിച്ചുകൊണ്ട് ആ ജന്തു മുത്തച്ചനു നേരെ പാഞ്ഞടുത്തു . കൂര്‍ത്തുവളഞ്ഞ ദംഷ്ട്രകള്‍ മുത്തച്ചന്റെ പള്ളയിലേക്കു ആഴ്ന്നിറങ്ങി . വേദനകൊണ്ട് മുത്തച്ചന്‍ അലറിവിളിച്ചു , പ്രേതമാവേശിച്ചതു പോലെ ദേഹം ഉറഞ്ഞുതുള്ളി . മണ്ണും പാറയും ഉരുണ്ടു വീഴാന്‍ തുടങ്ങി , എന്തു സംഭവിക്കുന്നുവെന്നറിയാതെ കുഞ്ഞു പൂവ് പേടിച്ചുവിറച്ചു , അതിശക്തമായ കുലുക്കങ്ങളില്‍ തുമ്പയും തുളസിയമ്മയും വേരോടെ പിഴുതെറിയപ്പെട്ടു , കോവിലിലെ ദേവന്‍ നിസ്സഹായനായി വിതുമ്പി......
വേരിളകിയ കുഞ്ഞുപൂവിനെ ഒരു ഇളംകാറ്റ് കയ്യിലെടുത്തു . എങ്ങോട്ടെന്നില്ലത്ത യാത്രയ്ക്കിടയില്‍ ഒരു കരിങ്കല്ലിനിടയില്‍ ചിറകു കുടുങ്ങിയ പൂമ്പാറ്റയെ അവള്‍ കണ്ടു , അവള്‍ വേദനയോടെ തേങ്ങി , ഒടുവില്‍ വെയിലുറഞ്ഞ ഒരു കരിമ്പാറയില്‍ അവള്‍ തളര്‍ന്നു വീണു , വാടിക്കരിഞ്ഞു അവശയായ അവള്‍ ആ കാഴ്ച്ച കണ്ടു ചെംബ്ര മുത്തച്ചന്‍ അതാ ചെറിയ ചെറിയ മണ്‍കൂനകളായി വലിയ ലോറികളില്‍ എങ്ങോട്ടെന്നില്ലാതെ ചീറിപ്പാഞ്ഞുകൊണ്ടിരിക്കുന്നു ......
അതു കണ്ടു നില്‍ക്കാനാവാതെ കുഞ്ഞുപൂവ് കണ്ണടച്ചു, എന്നേക്കുമായി......
സമര്‍പ്പണം : പുതിയ തലമുറയ്ക്ക് അന്ന്യമായിപ്പോയ വടകര - ഓര്‍ക്കാട്ടേരിയിലെ ചെമ്പ്രക്കുന്നിന്.
ചിത്രങ്ങള്‍ : അനിലേട്ടന്‍ 

Thursday, 9 August 2012

പുഴ പറഞ്ഞത്

( പ്രകര്‍തി ദുരന്തങ്ങളെ പലപ്പോഴും നമ്മള്‍ പഴിക്കാറെയുള്ളു... നമ്മള്‍ മനുഷ്യരുടെ ദുര പൂണ്ട പ്രവര്‍ത്തികളാണ്‍ അവയ്ക്ക് ഉത്തരവാദികളെങ്കിലും അത് പ്രക്രുതിയുടെ ക്രൂരതയാണെന്നു പറഞ്ഞ് നമ്മള്‍ അവള്ക്കു നേരെ വിരല്‍ ചൂണ്ടുന്നു . പുഴയെ മറന്നുള്ള മണല്‍ വാരലും , ഭൂമിയെ മറന്നുള്ള മരം വെട്ടലും പ്രക്രുതിയുടെ സംതുലനങ്ങളെ താളം തെറ്റിക്കുന്നു . അരീക്കോടിനടുത്ത് സ്കൂളില്‍ നിന്നു മടങ്ങവെ ചാലിയാറില്‍ മുങ്ങിത്താഴ്ന്ന കുരുന്നുകളുടെ സ്മരണയ്ക്കു മുന്നില്‍ ഒരുകുടന്ന കണ്ണുനീര്‍പ്പൂക്കളുമായി ..... പുഴയുടെ അമ്മ മനസ്സിലൂടെയൊരു യാത്ര , അവള്‍ക്കു സങ്കടം പറയാന്‍ പ്രിയതമനായ കടല്‍ മാത്രമെയുള്ളൂ .... പുഴ കടലിനോട് പറഞ്ഞതെന്തായിരിക്കും ....? )
പുഴ പറഞ്ഞത്....

അന്ന് പരിഭ്രാന്തയായാണ്‍ അവള്‍ ഓടിവന്നത് ഒന്നും പറയാതെ കെട്ടിപ്പിടിച്ച് ഒറ്റക്കരച്ചില്‍ , കര്‍ക്കടകത്തിലെ രൗദ്രഭാവം കണ്ടതാണ്‍ , തുലാവര്‍ഷമിങ്ങെത്തിയിട്ടില്ല അതിനിടയ്ക്ക് ഇതെന്തു പറ്റി ? കടലിന്‍ ഒന്നും മനസിലായില്ല .
കടല്‍ പതിയെ അവളുടെ മുഖം പിടിച്ചുയര്‍ത്തി ഇല്ല , കണ്ണുനീര്‍ കുടുകുടെ ചാടുകയാണ്‍ .
അല്ല , ഞാനല്ല . ഞാനൊന്നും ചെയ്തില്ല .......
അവള്‍ അലറിക്കരഞ്ഞുകൊണ്ടു പറഞ്ഞു ......
"ഇപ്പൊഴും എനിക്കൊന്നും മനസ്സിലായില്ലല്ലൊ പ്രീയെ ..." കടല്‍ അവളെ മാറോടമര്‍ത്തിക്കൊണ്ടു പറഞ്ഞു . കരയാതിരിക്കൂ ....
തേങ്ങലൊന്നടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു തുടങ്ങി ,
" വൈകുന്നേരമായിരുന്നു , ഞാന്‍ നോക്കിയിരിക്കുകയായിരുന്നു , ആരവം കേട്ടുതുടങ്ങിയപ്പോള്‍ സന്തോഷമായി .... അവര്‍ ഓടി വരികയാണ്‍ , പല പ്രായത്തിലുള്ളവര്‍ ... കിലുക്കാം പെട്ടികള്‍ , അവരുടെ കളിചിരികളും , കുഞ്ഞു കുസ്രുതികളും മാത്രമാണ്‍ ആകെ സന്തോഷം , ദിവസത്തില്‍ രണ്ടു നേരം മാത്രം കിട്ടുന്ന അനര്‍ഘ നിമിഷങ്ങള്‍ .
പിന്നെ , പകലില്‍ മുഴുവനും ഹ്രിദയം കീറി നുറുങ്ങുന്ന വേദനയാണ്‍ , മണല്‍ വാരി വാരി ആഴമുള്ള വടുക്കള്‍ ഒത്തിരിയേറെയുണ്ട് ... അതിന്റെ ആഴവും ചുഴികളും , പുറമെ സുന്ദരിയെങ്കിലും , അകമെ നിഗൂഢ വിഷമെന്തിയ രാക്ഷസിയാക്കുന്നു .., അതെ , ശാന്ത സുന്ദരമായ നീലിമയില്‍ ഒളിച്ചു നില്ക്കുന്ന കെണി ..... എത്ര മനുഷ്യര്‍ അതിലപ്രത്യക്ഷരായി .....
ആ ദിവസത്തിനു പതിവിലും കാളിമ ഏറെയുണ്ടായിരുന്നു .
ഓടിക്കയറിയ കുരുന്നുകളോട് തോണിക്കാരന്‍ കോയാക്ക പറഞ്ഞതൊന്നും അവര്‍ കേട്ടില്ല , പുസ്തക സഞ്ചിയുടെ മധുരമുള്ള ഭാരവും പേറി ഞാന്‍ മുന്‍പെ ഞാന്‍ മുന്‍പെ എന്ന മട്ടില്‍ അവര്‍ വള്ളത്തിലേക്കു ചാടിക്കയറുകയാണ്‍ , എനിക്കു പേടിയുണ്ടായിരുന്നു , ഉവ്വ് , അവരൊത്തിരിപ്പേരുണ്ടായിരുന്നു , തോണിക്ക് നല്ല ഭാരമുണ്ടായിരുന്നു , അതുകാരണം ഞാന്‍ കഴിയുന്നത്ര പതുക്കെ ഓളമിളക്കാതെയാണൊഴുകിയത് . പക്ഷെ എന്റെ കണക്കുകൂട്ടലുകല്‍ തെറ്റി , എന്റെ വിക്രുതിക്കുടുക്കകള്‍ ആരേയും വകവെച്ചില്ല , തോണിക്കയറിനായി അവര്‍ മല്‍സരിക്കുകയാണ്‍ .
"ഇക്ക അവിടെ മിണ്ടാതെയിരുന്നോളൂ ... തോണി ഞങ്ങള്‍ അക്കരെയെത്തിക്കാം " ആരോ വിളിച്ചു പറഞ്ഞു .
പെട്ടന്ന് ഒരു കുരുന്ന് എഴുന്നേറ്റു നിന്നതു കൊണ്ടാവണം തോണി ഇത്തിരിയൊന്നു ചരിഞ്ഞത് , തോണിയിലേക്കു വെള്ളം കേറാന്‍ തുടങ്ങി , നിസ്സാഹയതയോടെ നില്ക്കാനേ ഇക്കയ്ക്കു പോലും കഴിഞ്ഞുള്ളൂ ,
പിന്നെ , പിന്നെയെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു , ആ കൊച്ചു തോണി എന്റെ ആഴതടങ്ങളിലേക്കു കൂപ്പു കുത്തി , കളിയും , ചിരിയും , സ്വപ്നവുമായെത്തിയ പൂങ്കുരുന്നുകളേയും കൊണ്ട് ...
എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല .......
പുഴയോരത്തെ മരക്കുറ്റികള്‍ ഓര്‍മ്മക്കമ്പുകള്‍ നീട്ടി ഒഴുക്കു തടയാന്‍ ശ്രമിച്ചു .......
പുഴയുടെ സങ്കടം കണ്ട് ഓടിവന്ന മഴമേഘങ്ങള്‍ പിന്നെയും തിമിര്‍ത്തു പെയ്തു ......
തലതല്ലിക്കരയുന്ന പുഴയെ കടല്‍ മാറോടണച്ചു , പിന്നെ , കാതില്‍ മെല്ലെ പറഞ്ഞു ; "കരയാതിരിക്കൂ പ്രീയെ നമ്മള്‍ പാടെ നിസ്സഹായരാണെന്നു ആരും അറിയുന്നില്ലല്ലൊ..."